
ദുൽഖറാണ് ‘ലോക’ യുടെ നട്ടെല്ലെന്നും, ദുൽഖർ ഇല്ലായിരുന്നുവെങ്കിൽ ‘ലോക’ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും തുറന്നു പറഞ്ഞ് ക്യാമറാമാൻ നിമിഷ് രവി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നു. അദ്ദേഹമാണ് ഈ സിനിമയുടെ നട്ടെല്ല്.
ദുൽഖറിന്റെ അടുത്ത് ഈ കഥയുടെ ഐഡിയ പോയി പറയാൻ എനിക്ക് പേടിയായിരുന്നു. പക്ഷെ കഥയിൽ മാത്രമാണ് അദ്ദേഹം വിശ്വസിച്ചത്. വേറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല’, നിമിഷ് പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്സ്ട്രാ കൂട്ടിച്ചേർത്തിരിക്കുന്നത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.