ദൃശ്യം 3 മൂന്ന് ഭാഷകളിൽ ഒരുമിച്ച് ചിത്രീകരിക്കില്ല; മൂന്ന് ഭാഷയിൽ റിലീസ് ചെയ്യുന്ന കാര്യം ചർച്ചയിലാണ്”; ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്. മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ സമയത്ത് ചിത്രീകരിക്കാനുകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും, ചിലപ്പോൾ മലയാളം, ഹിന്ദി, തെലുങ്ക് പതിപ്പുകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നത് ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം

“ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് എത്തുക മറ്റൊരു കഥയില്‍ ആയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണ്. ചിത്രത്തിന്‍റെ തിരക്കഥാ രചന അവസാന ഘട്ടത്തിലാണ്. എന്‍റെ കഥയെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദി പതിപ്പും ഒരുങ്ങുക. ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം അത് ഹിന്ദി ടീമുമായി പങ്കുവെക്കും. അതില്‍ തങ്ങളുടെ ചുറ്റുപാടിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങള്‍ അവര്‍ വരുത്തും, ജീത്തു ജോസഫ് പറഞ്ഞു.

മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ സമയത്ത് ചിത്രീകരിക്കാൻ കഴിയുമെന്നതിൽ ഉറപ്പില്ല. നായക നടന്മാരുടെ ഡേറ്റുകള്‍ അത്തരത്തില്‍ ഉറപ്പിക്കാന്‍ പറ്റിയേക്കില്ല. പക്ഷെ മലയാളം, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഒരേ സമയം റിലീസ് ചെയ്യണമെന്ന് മറുഭാഷാ അണിയറക്കാര്‍ അപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ആ മൂന്നു ഭാഷകളുടെ പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒടിടിയുടെ ഈ കാലത്ത് വെവ്വേറെ തീയതികളില്‍ മറുഭാഷാ പതിപ്പുകള്‍ എത്തിയാല്‍ തിയറ്ററില്‍ അത് ഉണ്ടാക്കുന്ന സ്വാധീനം കുറയുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ജീത്തു ജോസഫ് കൂട്ടി ചേർത്തു.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന തുടര്‍ഭാഗങ്ങളില്‍ പ്രധാനമാണ് ദൃശ്യം 3. ഏതെങ്കിലുമൊക്കെ ഭാഷാ പതിപ്പുകളിലായി ഈ ചിത്രം കണ്ടിട്ടില്ലാത്ത സിനിമാപ്രേമികള്‍ രാജ്യത്ത് അപൂര്‍വ്വം ആയിരിക്കും. അതിനാല്‍ത്തന്നെ അത്രയും ഹൈപ്പ് ആണ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്. ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ഒറിജിനല്‍ ദൃശ്യം എപ്പോള്‍ ആരംഭിക്കുമെന്ന ചോദ്യം മലയാളി സിനിമാപ്രേമികള്‍ക്കൊപ്പം മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരുടേത് കൂടി ആയിരുന്നു. മലയാളം പതിപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ തുടങ്ങുമെന്ന് അണിയറക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി പതിപ്പിന്‍റേതായി ആലോചിക്കുന്ന റിലീസ് തീയതിയും അനൗദ്യോഗികമായി പുറത്തുവന്നിരുന്നു.