നിരവധി പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘ദൃശ്യം 2’. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍, ചിത്രം അതിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍, 200 കോടി ക്ലബിലേക്ക് കടക്കുകയാണ്. ഇന്ത്യയില്‍ റിലീസ് ചെയ്ത് 16-ാം ദിവസം 176.38 കോടി രൂപയാണ് ദൃശ്യം 2 കളക്ട് ചെയ്തത്. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 8.45 കോടിയുമാണ് ചിത്രം നേടിയത്.
ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ചിത്രം സമീപകാലത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരിക്കും. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നവംബര്‍ 18നാണ് റിലീസ് ചെയ്തത്. അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.