നാടകഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച വാഹനത്തിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകും നാടക പ്രവര്‍ത്തകരും രംഗത്ത്. ആലുവ അശ്വതി തിയറ്റര്‍സിനാണ് ചേറ്റുവ പാലത്തിന് സമീപം പരിശോധന നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡിന്റെ അളവടക്കം എടുത്ത ശേഷമാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടത്. സംഭവം നാടകപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി
സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം..ഏതെങ്കിലും സൂപ്പര്‍ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം….എന്നിട്ട് ഇവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം കൊടുക്കാം…കാരണം നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരകണക്കിന് ആളുകള്‍ മരിച്ച നാടല്ലെ കേരളം.. അതിനാല്‍ ഇതിന്റെ വീഡിയോയില്‍ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലന്‍മാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറി പറയാം…പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരന്‍മാര്‍ കേരളം മുഴുവന്‍ നാടകബോര്‍ഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായത്..ഒരു നാടകം കളിച്ചാല്‍ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരന്‍മാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/ രൂപ കൊടുത്ത തെരുവില്‍ അപമാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക കേരളമാണ് ലോകത്തിന്റെ മുന്നില്‍ നാണം കെടുന്നത്…വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു…’ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത് ?’….
ഡോക്ടര്‍ ബിജുവിന്റെ കുറിപ്പ്
ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡ് അല്‍പ്പം വലുപ്പം കൂടുതല്‍ ആണത്രേ..ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോര്‍ഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തില്‍ കാണാം. നാടക വണ്ടിയില്‍ നാടക സമിതിയുടെ ബോര്‍ഡ് വെച്ചത് ഏതാനും സെന്റീമീറ്റര്‍ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനല്‍ കുറ്റത്തിന് ആ നാടക കലാകാരന്മാര്‍ക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരു പോലെ ആകണം. സര്‍ക്കാര്‍ വാഹനത്തില്‍ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളില്‍ വിടാനും, വീട്ടുകാര്‍ക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോള്‍ഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണം. പറഞ്ഞാല്‍ ഒത്തിരി കാര്യങ്ങള്‍ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ…