കൊറോണ കാലത്തെ ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍

','

' ); } ?>

കൊറോണകാലത്ത് ലഭിച്ച പുരസ്‌കാരത്തിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഡോ: ബിജു. കഴിഞ്ഞ ഡിസംബറില്‍ ആണ് ചൈനയിലെ ചോങ്കിങ് പയനിയര്‍ ആര്‍ട്ട് ചലച്ചിത്ര മേളയില്‍ വെയില്‍മരങ്ങള്‍ക്ക് മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. ഏപ്രില്‍ ആദ്യം ചൈനയില്‍ നിന്നും പുറപ്പെട്ട പാഴ്‌സല്‍ ഒരു മാസത്തിനു ശേഷം ആണ് ഇവിടെ എത്തുന്നതെന്ന് അദ്ദേഹം കുറിയ്ക്കുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ

‘കഴിഞ്ഞ ഡിസംബറില്‍ ആണ് ചൈനയിലെ ചോങ്കിങ് പയനിയര്‍ ആര്‍ട്ട് ചലച്ചിത്ര മേളയില്‍ വെയില്‍മരങ്ങള്‍ക്ക് മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. ട്രോഫിയും പ്രശംസാ പത്രവും കൊറിയറില്‍ വീട്ടില്‍ എത്തിയത് ഇന്ന്. ഏപ്രില്‍ ആദ്യം ചൈനയില്‍ നിന്നും പുറപ്പെട്ട പാഴ്‌സല്‍ ഒരു മാസത്തിനു ശേഷം ആണ് ഇവിടെ എത്തുന്നത്.. കൊറോണ കാലത്തെ ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍’

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം എടുത്ത് അവാര്‍ഡുകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകനാണ് ഡോ: ബിജു. മലയാള സിനിമയെ അന്താരാഷ്ട തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ വലിയ പങ്കുവഹിക്കുന്ന സംവിധായകനാണ് ഡോക്ടര്‍ ബിജു. കാന്‍ ഫെസ്റ്റിവലില്‍ അടക്കം 21 ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ‘സൈറ’ എന്ന ചിത്രമായിരുന്നു സംവിധായകന്റെ ആദ്യ ചിത്രം. നവ്യാ നായരായിരുന്നു ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ മത്സരേതര വിഭാഗമായ സിനിമ ഓഫ് വേള്‍ഡിലേക്ക് ഉദ്ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആഗോളവത്കരണത്തിനെതിരായ ചെറുത്തുനില്‍പും അമേരിക്കന്‍ അധിനിവേശവും പ്രമേയമാക്കിയ ‘രാമനാ’ണ് ഇദ്ദേഹം ഒരുക്കിയ രണ്ടാമത്തെ ചിത്രം. ഏഴു ചലച്ചിത്രമേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അനൂപ് ചന്ദ്രനായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം ഈജിപ്റ്റില്‍ നടന്ന കെയ്‌റോ അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന വിഭാഗത്തില്‍ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. 2010ല്‍ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കിയ ‘വീട്ടിലേക്കുള്ള വഴി’യും ഒരുക്കിയത് ഡോ.ബിജു ആയിരുന്നു. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 2011 ലെ കേരള ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പുരസ്‌കാരം സ്വന്തമാക്കിയ ‘ആകാശത്തിന്റെ നിറ’വും ഡോ ബിജുവിന്റെ കൈയ്യൊപ്പു പതിഞ്ഞ ചിത്രമാണ്. ഈ ചിത്രം 2011ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും 2012ല്‍ ചൈനയില്‍ നടന്ന ഷാങ്ഹായ് മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

കൂടാതെ ഡോ ബിജുവിന്റെ ‘സംവിധായകരെ കൊല്ലരുത്’ എന്ന ലേഖനത്തിന് 2010 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള കേരള ചലച്ചിത്രപുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നാലെ അദ്ദേഹം ചെയ്തത് ‘പേരറിയാത്തവര്‍’ എന്ന ചിത്രമാണ്. ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടായിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014ല്‍ മികച്ച പരിസ്ഥിതി ബോധനചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ ചിത്രം സ്വന്തമാക്കി. അതോടൊപ്പം ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കിയതും ഈ ചിത്രത്തിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമ്മൂടാണ്. ഇന്ദ്രന്‍സായിരുന്നു ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ‘പേരറിയാത്തവര്‍’ സ്വന്തമാക്കിയത്.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീകരതകള്‍ തുറന്നുകാട്ടുന്ന കഥ പ്രമേയമാക്കി ഡോ ബിജു ഒരുക്കിയ ‘വലിയ ചിറകുള്ള പക്ഷികള്‍’ സ്വന്തമാക്കിയത് നാല് അന്താരാഷ്ട്ര പുരസ്‌കാരങ്ങളായിരുന്നു. 2015ല്‍ നടന്ന ജക്കാര്‍ത്ത വേള്‍ഡ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡായ ഹ്യുമാനിറ്റി ഓഫ് ഫിലിം മേക്കിങ് പുരസ്‌കാരം സ്വന്തമാക്കിയത് ഈ ചിത്രമായിരുന്നു. കൂടാതെ 2016ല്‍ ഓസ്‌ട്രേലിയ, ബ്രിസ്ബണിലെ ക്വീന്‍്‌സ്!!ലാന്റില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ‘വലിയ ചിറകുള്ള പക്ഷികള്‍’ സ്വന്തമാക്കി. ഡോ. ബിജു തന്നെയാണ് ആണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. 2017ല്‍ നടന്ന ബെംഗലൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമയെന്ന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സ്വന്തമാക്കാന്‍ ഡോ ബി!ജുവിന്റെ ‘കാടു പൂക്കുന്ന നേര’ത്തിന് കഴിഞ്ഞു. അത് കൂടാതെ പിന്നാലെ അദ്ദേഹം ചെയ്ത മൂന്ന് ചിത്രങ്ങളും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഹിന്ദി, പഹാരി, ടിബറ്റന്‍ ഭാഷകളിലൊരുക്കിയ ‘സൗണ്ട് ഓഫ് സൈലന്‍സ്’ എന്ന ചിത്രം 23ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് ചിത്രം പുരസ്‌കാരം സ്വന്തമാക്കിയത്. കൂടാതെ 2018ല്‍ യുഎസ്എ ഓഹിയോയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിലല്‍ ഓഫ് സിന്‍സിനാലിയില്‍ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പിന്നാലെ ഇംഗ്ലീഷ് ഭാഷയിലൊരുക്കിയ ‘പെയിന്റിംഗ് ലൈഫ്’ 2019ല്‍ നടന്ന ഔറംഗബാദ് ഇന്റ!ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും പോര്‍ച്ചുഗലില്‍ നടന്ന മുപ്പത്തിയൊന്‍പതാം ഒപോര്‍ചോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2019ല്‍ മത്സരവിഭാഗത്തില്‍ ‘ക്രിട്ടിക്‌സ് അവാര്‍ഡ് ഫോര്‍ ദി ബെസ്റ്റ് ഫിലിം’ എന്ന പുരസ്‌കാരവും ചിത്രം കരസ്ഥമാക്കി.

ഏറ്റവുമൊടുവിലാണ് ചൈനയില്‍ നടന്ന ഇരുപത്തിരണ്ടാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡോ ബിജു ഒരുക്കിയ ‘വെയില്‍ മരങ്ങള്‍’ എന്ന ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമായ ‘ഗോള്‍ഡന്‍ ഗോബ്‌ളറ്റ്’ ലഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’. ഇന്ദ്രന്‍സെന്ന അതുല്യ പ്രതിഭയെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര വേദിയിലെത്തിച്ച ഡോ ബിജുവിന് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്.