സൗഹൃദ ദിനത്തില്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ സിനിമയിലെ ‘ദോസ്തി’ ഗാനം എത്തി. നാല് ഭാഷകളിലായിട്ടാണ് ഗാനം പുറത്തിറങ്ങിയത്. എം എം കീരവാണിയാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്.
ഹിന്ദിയില്‍ ഗാനം ആലപിച്ചിരിക്കുന്നത് അമിത് ത്രിവേദിയാണ്, മലയാളത്തില്‍ വിജയ് യേശുദാസും, തമിഴില്‍ അനിരുദ്ധും, തെലങ്കുല്‍ ഹേമചന്ദ്രയുമാണ്. വിവിധ ഭാഷകളില്‍ ഗാനം ഇറങ്ങി കഴിഞ്ഞു. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് ‘ആര്‍ആര്‍ആര്‍’. കൊവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്.
ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍.