
മാർക്കോയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്‌സ് എൻടെർടെയ്ൻമെന്റ്. . മാർക്കോയ്ക്ക് ആരാധകർ നൽകിയ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും മാർക്കോയുടെ റൈറ്‌സ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിനു മാത്രമാണെന്നും നിർമ്മാതാക്കൾ പറഞ്ഞു. അവകാശം മറ്റുള്ളവർക്ക് വിൽക്കാൻ ഉദ്ദേശമില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. ‘മാർക്കോ 2 ഉണ്ടാകണം, ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌റ്‌സിനു പറ്റില്ലെങ്കിൽ മറ്റൊരു പ്രൊഡക്ഷൻ ടീമിനെവച്ച് ചിത്രം ചെയ്യണം’ എന്ന ആരാധകന്റെ കമന്റിന് മറുപടിയായിട്ടാണ് നിർമ്മാതാക്കൾ പ്രതികരിച്ചിരിക്കുന്നത്
‘മാർക്കോയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന് മാത്രമാണ് മാർക്കോയുടെ എല്ലാ അവകാശങ്ങളും ഉള്ളത്, മാർക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ കൈമാറ്റം ചെയ്യാനോ പങ്കുവയ്ക്കാനോ ഞങ്ങൾ തയ്യാറല്ല,’ ക്യൂബ്‌സ് മറുപടി നൽകി.
ചിത്രം ഉപേക്ഷിക്കുകയാണെന്ന് കുറച്ചു ദിവസങ്ങൾക്ക് മുന്നേ നടൻ ഉണ്ണിമുകുന്ദൻ വ്യക്തമാക്കിയിരുന്നു. സിനിമ പ്രേക്ഷകരിൽ നെഗറ്റീവ് രീതിയിലാണ് എത്തിയതെന്നും. മാർക്കയെക്കാൾ മികച്ചത് കൊണ്ട് വരൻ ശ്രമിക്കുമെന്നായിരുന്നു ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആക്ഷന്‍സുള്ള ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാർക്കോയുടെ തുടർച്ച അതിനേക്കാൾ വലിയ കാൻവാസിൽ വരുമെന്നാണ് അണിയറക്കാർ നേരത്തേ പറഞ്ഞിരുന്നത്.