
ലോക സിനിമയെ കുറിച്ച് താൻ പറഞ്ഞ കാര്യം വളച്ചൊടിക്കുന്നതിനെതിരെ പ്രതികരിച്ച് സംവിധായകൻ വിനയൻ. താൻ ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാൻ മനസ്സിൽ വച്ചിരുന്ന കഥയാണ് അടിച്ചോണ്ട് പോയത്.’ എന്നാണ് തമാശരൂപേണ വിനയൻ പറഞ്ഞത്. എന്നാൽ ‘ലോക’ സിനിമയ്ക്കെതിരെയാണ് വിനയൻ പറഞ്ഞത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് വിനയൻ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയത്
‘ഓൺലൈൻ മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർഹിറ്റ് ചിത്രമായ ‘ലോക’യ്ക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം. ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്‌തത്. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എൻ്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ. ‘ലോക’യുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ’. വിനയൻ പറഞ്ഞു.
ആഗോള ബോക്സ് ഓഫിസിൽ 300 കോടി കലക്ഷനിലേക്ക് അടുക്കുകയാണ് ‘ലോക’. മലയാളത്തിലെയും ഇന്ത്യൻ സിനിമാ ചരിത്രത്തിലെയും നിരവധി റെക്കോർഡുകൾ ചിത്രം ഇതിനോടകം തകർത്തുകഴിഞ്ഞു. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായും ‘ലോക’ മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടൊവീനോ നായകനായും വില്ലനായും എത്തുന്ന ചാത്തന്റെ കഥയായിരിക്കും രണ്ടാം ഭാഗം പറയുക എന്നാണ് ടീസർ നൽകുന്ന സൂചന.