ഒരു സിനിമക്കുറിപ്പ് :
എപ്പോഴോ നമ്മള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് വിമര്‍ശനങ്ങളില്‍ അസ്വസ്ഥരാകുന്നത്. സിനിമയുടെ കാര്യത്തിലേക്ക് വന്നാല്‍, ഒരു സിനിമ തിയേറ്ററില്‍ അല്ലെങ്കില്‍ OTT യില്‍ റിലീസ് ആയിക്കഴിഞ്ഞാല്‍ പിന്നെ അത് പൂര്‍ണമായും പ്രേക്ഷകന്റേത് ആയി മാറിക്കഴിയും. അവര്‍ക്കത് കാണാം, കാണാതിരിക്കാം, വാനോളം പുകഴ്ത്താം.. കാലേവാരി നിലത്തിടാം. ഒക്കെയും ആ സൃഷ്ടി അവരെ എങ്ങനെ സ്വാധീനിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. കാരണം ഇല്ലാത്ത പൈസയും, സമയവും കണ്ടെത്തി ആകെ സ്‌ട്രെസ്സ്ഡ് ആയ ജീവിത സാഹചര്യങ്ങളില്‍ നിന്നും അവധിയെടുത്തു അല്പമൊന്ന് ആശ്വസിക്കാനാണ് പലരും ഒരു സിനിമ കാണാനായി ഇന്ന് വരുന്നത്. അത് ചിലപ്പോള്‍ കുടുംബമായിട്ടാവാം അല്ലെങ്കില്‍ ഒറ്റയ്ക്കാവാം. എന്തായാലും ഇവിടെ പ്രേക്ഷകനാണ് രാജാവ്. അവരെ തൃപ്തിപ്പെടുത്തുവാനുള്ള കടമ ഞാനടക്കമുള്ള ഓരോ ഫിലിം മേക്കേഴ്‌സിനുമുണ്ട്.
റിവ്യൂസിന്റെ കാര്യം എടുത്താല്‍, ഓരോ വ്‌ലോഗേഴ്‌സും ഇപ്പൊള്‍ ഓരോ ഇന്‍ഡിപെന്‍ഡന്റ് മീഡിയ ആണ്. അവരുടെ ഉത്തരവാദിത്തം വളരെ വലുതാണ്. കാരണം അവര്‍ക്കു വലിയ ഫോളോവേര്‍സ് ഉണ്ട്. അതിനാല്‍ തന്നെ പവര്‍ഫുള്‍ ആണ് അവര്‍. പ്രേക്ഷകരെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയും. പലപ്പോഴും പല ഫിലിം മേക്കേഴ്‌സിനും ഉള്ള ഫോളോവേര്‍സ് അതിലും താഴെയായിരിക്കും. ഇവിടെ വ്‌ലോഗറുടെ അഭിപ്രായം അറിഞ്ഞിട്ട് സിനിമ കാണണോ വേണ്ടയോ എന്ന് പലരും തീരുമാനിക്കുന്നു. വ്‌ലോഗര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഒരു പക്ഷെ ആ വ്‌ലോഗറെ ഫോളോ ചെയ്യുന്ന എല്ലാവരുടെയും ടേസ്റ്റ് അതായിരിക്കണമെന്നില്ല. പല റിവ്യൂസിന്റെയും താഴെയുള്ള കമന്റ്‌സ് വായിച്ചാലറിയാം പലരും എഴുതാറുണ്ട്, കാലങ്ങളായി ഞാന്‍ താങ്കളുടെ റിവ്യൂ കണ്ടിട്ടേ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാറുള്ളു എന്ന്. ഒരു പക്ഷെ ആ സിനിമ കണ്ട് കഴിഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ക്കിഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു എലമെന്റ് അതിലുണ്ടായിരുന്നെന്നിരിക്കും. റിവ്യൂ കണ്ട് അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് സിനിമ കാണണ്ട എന്ന് തീരുമാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നഷ്ടമാകുന്നത് ആ സിനിമാ അനുഭവവും വലിയ പൈസ മുടക്കി സിനിമ നിര്‍മ്മിച്ച പ്രൊഡ്യൂസര്‍ക്കു തിരിച്ചു കിട്ടേണ്ട പണവുമാണ്. ആര്‍ട്ടിസ്റ്റുകളും, ടെക്നീഷ്യന്‍സുമൊക്കെ ഇതിനകം തന്നെ പേയ്‌മെന്റ്‌സ് എല്ലാം വാങ്ങി കഴിഞ്ഞിട്ടുണ്ടാകും. നഷ്ടം വരുമ്പോള്‍ അത് പ്രൊഡ്യൂസര്‍ക്കു മാത്രമാകും. അതേ സമയം തന്നെ ലാഭകരമായാല്‍ അതില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സന്തോഷത്തോടെ ചെറിയൊരു വിഹിതം കൊടുക്കുന്ന നല്ല പ്രൊഡ്യൂസര്‍മാരുമുള്ള നാടാണിത്.
ദൃശ്യമാധ്യമത്തിലൂടെ ഒരു കഥ പറയണമെന്ന് ഒരു കൂട്ടം ആളുകള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വലിയ താരങ്ങളോ മുതല്‍ മുടക്കോ ഇല്ലെങ്കില്‍ പോലും ഇന്ന് അത് നടക്കും. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതിലും മുകളില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടെന്നുമിരിക്കും. അതിനുള്ള ടെക്‌നോളജിയും, ബന്ധങ്ങളും പോക്കറ്റിലിട്ടു നടക്കുന്ന തലമുറയാണ് ഇന്നുള്ളത്. ആര്‍ക്കും ഇന്ന് സിനിമ ചെയ്യാം. കട്ട വെയ്റ്റിങ് എന്ന് പറയുന്ന പോലെ സത്യത്തില്‍ ആരും ആരുടേയും സിനിമകള്‍ കാത്തിരിക്കുന്നില്ല. നല്ല സിനിമകള്‍ ഉണ്ടാക്കേണ്ടത് സിനിമ ചെയ്യുന്നവരുടെ ആവശ്യം മാത്രമാണ്. അതുകൊണ്ടു സിനിമകളോടുള്ള നമ്മുടെ സമീപനം ആരോഗ്യകരമാവട്ടെ.. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നല്ല സിനിമകള്‍ ഉണ്ടാവട്ടെ… വിമര്‍ശനാത്മകമായി ആളുകള്‍ സിനിമകളെ സമീപിക്കട്ടെ.. അതിനെ ഉള്‍കൊള്ളുവാനുള്ള വലുപ്പം നമ്മുടെ മനസുകള്‍ക്കുണ്ടാവട്ടെ.. റിവ്യൂകള്‍ക്കപ്പുറം തീരുമാനങ്ങള്‍ വ്യക്തിപരമാവട്ടെ.
ഇതെല്ലാം എന്റെ മാത്രം അഭിപ്രായമാണ്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.