“ചിത്രം കാണാതെയുള്ള നടപടി അത്ഭുതം, സിനിമയിൽ എന്തൊക്കെ ഉപയോഗിക്കാം എന്ന നിർദ്ദേശം ലഭിച്ചാൽ നന്നായിരിക്കും”; സിബി മലയിൽ

','

' ); } ?>

ഷെയിൻ നിഗം ചിത്രം “ഹാൽ” ന് സർട്ടിഫിക്കറ്റ് നിഷേധിച്ച സെൻസർബോർഡിന്റെ നടപടിയെ വിമർശിച്ച് സംവിധായകൻ സിബി മലയിൽ. ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് അത്ഭുതകരമാണെന്നും, സിനിമയിൽ എന്തൊക്കെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നിർദേശം ലഭിച്ചാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടീവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘റീജിയണൽ സെൻസർ ബോർഡിൽ നിന്നും യു എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ ആണ് ഇത്. സിനിമയുടെ സിനോപ്സിസ് മാത്രമേ വായിച്ചിട്ടാണ് ഇത്രയും കട്ടുകൾ വരുന്നത്. ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് അത്ഭുതകരം ആണ്. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിൽ തുടങ്ങിയതാണ് ഇത്. അതിനെതിരെ നമ്മൾ പ്രതികരിച്ചു. സിനിമയിൽ ഇനി എന്തൊക്കെ ഉപയോഗിക്കാം ഏതൊക്കെ വാക്കുകൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവരുടെ ഭാഗത്തിന് നിന്ന് ഒരു നിർദേശം ലഭിച്ചാൽ നന്നായിരിക്കും’,

സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. മലയാള സിനിമകൾക്ക് നേരെയാണ് സ്ഥിരമായി ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അതിൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെ വന്ന നടപടിക്കെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ ജെവിജെ പ്രൊഡക്ഷൻസാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യുകയും, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്.

സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‌കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ‌, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്‌തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു