സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായ അറസ്റ്റില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് അറസ്റ്റിന് കാരണമായത്. എടുത്ത പണം തനിക്ക് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. പരാതിക്കാരനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും തുടര്‍ന്ന് അദ്ദേഹം പരാതി പിന്‍വലിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ 30 വര്‍ഷത്തോളമായി അഡൈ്വര്‍ടൈസിംഗ് ആന്റ് ബ്രാന്‍ഡിംഗ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. തനിക്കെതിരെ വന്ന കേസിന് സിനിമാ നിര്‍മാണവുമായി യാതൊരു ബന്ധവുമില്ല. താന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. തനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളതെന്നും അദ്ദേഹം പറയുന്നു.
പരാതിക്കാരന് ഏഴരക്കോടിയോളം രൂപയുടെ ചെക്ക് നല്‍കിയാണ് ഇന്നലെ അറസ്റ്റിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍ന്നത്. ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രന്‍ നായരുടെ പരാതിയിലാണ് ആലപ്പുഴ സൌത്ത് പോലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന് വാഗ്ദാനം ചെയ്ത് 2016 മുതല്‍ ഏഴുകോടി രൂപ വാങ്ങി എന്നായിരുന്നു പരാതി. കേസില്‍ ശ്രീകുമാര്‍ മേനോന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
തന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കുകയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയുമാണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലക്ഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു. കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു