
ആഭ്യന്തര കുറ്റവാളി ചിത്രത്തിന്റെ റിലീസ് നീട്ടിയ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ സേതുനാഥ് പത്മകുമാറും, ആസിഫ് അലിയും, നിർമ്മാതാവ് നൈസാം സലാമും. വീഡിയോ രീതിയിൽ സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം.
പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകൻ സേതുനാഥ് പദ്മകുമാർ പറഞ്ഞു. നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ടെന്നും സേതുനാഥ് പറഞ്ഞു. ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് ആസിഫ് അലിയും കൂട്ടിച്ചേർത്തു.വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് അനുകൂല വിധി ഉണ്ടായി അടുത്തമാസം സിനിമ പ്രദർശനത്തിനെത്തിക്കാൻ പറ്റുമെന്നാണ് കരുതുന്നതെന്നും നിർമാതാവ് നൈസാം സലാം പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം പറഞ്ഞു.
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഏപ്രിൽ 17ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് നീട്ടിയത്. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ജോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസും ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്.
ആഭ്യന്തര കുറ്റവാളിയുടെ ടീസര്‍ വലിയ രീതിയിൽ ചർച്ചയായിരുന്നു. വിവാഹശേഷം യുവദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായി നാൽപ്പത്തിയഞ്ചിൽ പരം ദിവസങ്ങളുടെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. തൃശൂർ ജില്ലയിലെയും ഇടുക്കിയിലെയും വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്.
ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റിംഗ് സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ ബിജിബാൽ, ക്രിസ്റ്റി ജോബി, ആർട്ട് ഡയറക്ടർ സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ ടെസ്സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, ലിറിക്സ് മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ മാമി ജോ, പിആർഒ പ്രതീഷ് ശേഖർ.