
ദൈവവിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷം വിമർശനങ്ങൾ നേരിടുന്ന രാജമൗലിക്ക് പിന്തുണയുമായി സംവിധായകൻ രാം ഗോപാല വർമ. തൻ്റെ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ രാജമൗലിക്ക് എല്ലാ അവകാശവുമുണ്ടെന്നും, അദ്ദേഹത്തിനെതിരായ രോഷം യഥാർത്ഥത്തിൽ അസൂയയിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും രാം ഗോപാലവർമ പറഞ്ഞു. കൂടാതെ വിശ്വസിക്കാതിരിക്കാനുള്ള അവകാശം ഉൾപ്പെടെ, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25-നെക്കുറിച്ച് വിമർശകരെ ഓർമ്മിപ്പിക്കുകയും, ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെന്തിന് പുരാണ സിനിമകൾ എടുക്കണം? എന്ന് ചോദിക്കുന്നവരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
“ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെന്തിന് പുരാണ സിനിമകൾ എടുക്കണം എന്ന് ചോദിക്കുന്നവരോടാണ്. ആ യുക്തി വെച്ച് നോക്കിയാൽ, ഗ്യാങ്സ്റ്റർ സിനിമകളോ ഹൊറർ സിനിമകളോ ചെയ്യുന്നവർ ഗുണ്ടകളോ പ്രേതങ്ങളോ ആകണമല്ലോ. അദ്ദേഹം ദൈവത്തിൽ വിശ്വസിക്കാതിരുന്നിട്ടും, ദൈവം രാജമൗലിക്ക് മിക്ക വിശ്വാസികൾക്കും അവരുടെ നൂറ് ജന്മങ്ങളിൽ പോലും കാണാൻ കഴിയാത്തതിലും നൂറിരട്ടി വിജയവും സമ്പത്തും ആരാധകവൃന്ദത്തെയും നൽകി. അപ്പോൾ ഒന്നുകിൽ, 1. ദൈവം വിശ്വാസികളെക്കാൾ കൂടുതൽ നിരീശ്വരവാദികളെ സ്നേഹിക്കുന്നു. 2. ദൈവം ഇതൊന്നും ശ്രദ്ധിക്കുന്നില്ല. 3. അല്ലെങ്കിൽ… ആര് വിശ്വസിക്കുന്നു, ആര് വിശ്വസിക്കുന്നില്ല എന്നൊക്കെ ഒരു നോട്ട്പാഡുമെടുത്ത് കുറിച്ചിടാൻ ദൈവം അവിടെയെങ്ങുമില്ലായിരിക്കാം? അപ്പോൾ, ദൈവത്തിന് അദ്ദേഹത്തെക്കൊണ്ട് ഒരു പ്രശ്‌നവുമില്ലെങ്കിൽ, പിന്നെന്തിന് സ്വയം പ്രഖ്യാപിത ദൈവത്തിൻ്റെ ആളുകൾക്ക് രക്തസമ്മർദ്ദവും അൾസറും ഉണ്ടാകുന്നു?.” രാം ഗോപാല വർമ ചോദിച്ചു.
“ദൈവത്തിൽ വിശ്വസിക്കാതെ തന്നെ അദ്ദേഹം വിജയിച്ചു. സത്യം എന്തെന്നാൽ, രാജമൗലി ഒരു നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. ആരെങ്കിലും ഒരാൾ വിശ്വസിക്കാതായാൽ തങ്ങളുടെ വിശ്വാസം തകർന്നടിയുമെന്ന് കരുതുന്നവരുടെ മാത്രം അരക്ഷിതാവസ്ഥയാണ് അത് വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് ശാന്തരാവുക. ദൈവത്തിന് കുഴപ്പമൊന്നുമില്ല. രാജമൗലിക്കും കുഴപ്പമൊന്നുമില്ല. ഇവർ രണ്ടുപേരെയും മനസ്സിലാക്കാൻ കഴിയാത്തവർ മാത്രമാണ് ഇവിടെ കഷ്‌ടപ്പെടുന്നത്. അതിനാൽ ദൈവം രാജമൗലിയുടെ നിറഞ്ഞുകവിഞ്ഞ ബാങ്ക് ബാലൻസിലേക്ക് ‘വാരണാസി’യിലൂടെ ഇനിയും വലിയൊരു തുക കൂടി ചേർക്കുമ്പോൾ, ഈ പരാജിതർക്ക് അസൂയയോടെ നെഞ്ചത്തടിച്ച് കരയാം. ചുരുക്കത്തിൽ, ഇത് ദൈവവിശ്വാസത്തിൻ്റെ മുഖംമൂടി അണിഞ്ഞ പച്ചയായ അസൂയയാണ്.” രാം ഗോപാല വർമ കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ നടന്ന പരിപാടിയിൽ, ‘വാരാണസി’ ടീസർ ലോഞ്ചിനിടെയുണ്ടായ സാങ്കേതിക തകരാറുകൾക്കും ചോർച്ചയ്ക്കും ശേഷം രാജമൗലി നിരാശ പ്രകടിപ്പിച്ചിരുന്നു. വികാരനിർഭരമായ ആ പ്രസംഗത്തിലാണ് താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഓൺലൈനിൽ ശക്തമായ വിമർശനങ്ങൾക്ക് കാരണമായി. ചിലർ അദ്ദേഹം മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചു. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് രാഷ്ട്രീയ വാനരസേന പരാതി നൽകി.