
‘ജോക്കി‘ സിനിമ ഒരിക്കലും മലയാളത്തിൽ പുറത്തിറക്കാൻ സാധിക്കാത്ത ചിത്രമാണെന്ന് തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ ഡോ;പ്രഗഭൽ. “ചത്തുപോയ ആടിന്റെ തലയോട്ടിയെടുത്ത് പൂജ മുറിയിൽ വെച്ച് പൂജിക്കുന്ന ഒരു സംസ്ക്കാരത്തിന്റെ ഭാഗമാണ് ചിത്രമെന്നും, മൂന്നു വർഷം ആടുകളുടെ കൂടെ ജീവിച്ച് പഠിച്ചാണ് ചിത്രമെടുത്തിരിക്കുന്നതെന്നും പ്രഗഭൽ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മഡ്ഡിക്ക് ശേഷം മഡ്ഡി രണ്ടാം ഭാഗത്തിന് വേണ്ടി വർക്ക് ചെയ്യുകയായിരുന്നു. അതിനിടയിലാണ് മധുരയിൽ പോയപ്പോൾ കെടാസൻ നേരിട്ട് കാണുന്നത്. അത്തിൽ താല്പര്യം തോന്നിയിട്ട് ഒരു മൂന്നു വർഷത്തോളം ആടുകളുടെ കൂടെ ജീവിച്ച് പഠിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പിന്നെ ഇതൊരു സംസ്ക്കാരം കൂടിയാണ്. തമിഴ് നാട്ടിൽ വളരെ അധികം ഇമോഷണൽ ആയിട്ട് കണക്റ്റഡായിട്ടുള്ള സംഭവം. അതായത് ആടുകൾ ഒരു പത്തു പതിനൊന്ന് വർഷം കഴിയുമ്പോൾ ചത്തുപോകും. അപ്പോൾ ഇവരതിന്റെ തലയോട്ടിയെടുത്ത് പൂജാ റൂമിൽ കൊണ്ട് പോയി പൂജിക്കും. അത്രക്കും വലിയൊരു വിശ്വാസം കൂടി ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് നമ്മുടെ ഭാഗത്ത് നിന്ന് ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും അവരെ അത് വളരെ ആഴത്തിൽ ബാധിക്കും.” പ്രഗഭൽ പറഞ്ഞു.
“ചിത്രത്തിൽ ശരിക്കും നായകൻ വില്ലനും, വില്ലൻ നായകനുമാകുന്ന ഒരവസ്ഥയുണ്ട്. പ്രേക്ഷകനെന്ന നിലയിലും, സിനിമാസ്വാദകനെന്ന നിലയിലും നായകനെ നമ്മൾ ആഘോഷിക്കും. എന്നാൽ മധുരയുടെ ഒരു മൂഡ് വെച്ചിട്ട് അവർ വില്ലനെ ആയിരിക്കും ആഘോഷമാക്കാകുക. അത്രത്തോളം അവരീ കെടാസനുമായി ഇമോഷണലി കണക്റ്റഡാണ്.” പ്രഗഭൽ കൂട്ടിച്ചേർത്തു