
ഐഎഫ്എഫ്കെയിൽ പത്തൊൻപത് സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. സംഭവത്തിൽ ചലച്ചിത്ര അക്കാദമിയേയും സംസ്‌ഥാന സർക്കാരിനേയുമാണ് ബിജു വിമർശിച്ചിരിക്കുന്നത്. ഐഎഫ്എഫ്കെയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിക്കേണ്ട അക്കാദമി ചെയർമാൻ മേളയുടെ പരിസരത്തുപോലുമില്ലെന്നും കേരള ചലച്ചിത്ര മേളയുടെ മുപ്പതു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയർമാനും ആർട്ടിസ്‌റ്റിക്ക് ഡയറക്‌ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നതെന്നും ബിജു പറഞ്ഞു. കൂടാതെ മുൻകൂട്ടി സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടതെന്നും ബിജു കൂട്ടിച്ചേർത്തു.
“സാധാരണ നിലയിൽ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സിനിമകൾ മാത്രമേ മേളയിലേക്ക് ഷെഡ്യൂൾ ചെയ്യുകയുള്ളൂ. അനുമതി ലഭിക്കാതെ മുൻകൂട്ടി സിനിമകൾ ഷെഡ്യൂൾ ചെയ്യാറില്ല. ഇവിടെ എന്തുകൊണ്ടാണ് അനുമതി ലഭിക്കാതെ സിനിമകൾ ഷെഡ്യൂൾ ചെയ്യാനുണ്ടായ സാഹചര്യം എന്നത് വ്യക്‌തമല്ല. ഇന്ത്യയിൽ സെൻസർഷിപ് ഇല്ലാത്ത വിദേശ സിനിമകൾ വളരെ നേരത്തെ തന്നെ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി നൽകുകയും മേള ആരംഭിക്കുന്നതിനു മുൻപ് തന്നെ അനുമതി ലഭ്യമാക്കി സിനിമകൾ ഷെഡ്യൂൾ ചെയ്യുകയും ചെയ്യുക എന്ന പ്രോസസ് ഇവിടെ കൃത്യമായി നടക്കാഞ്ഞതിനു കാരണങ്ങൾ എന്താവാം. ചലച്ചിത്ര അക്കാദമി കുറഞ്ഞത് ഒരു മാസത്തിനു മുൻപെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ ലിസ്‌റ്റുകൾ കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. അങ്ങനെ മുൻകൂട്ടി സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടത്. ഇനി കേന്ദ്ര സർക്കാരിന് ഈ അപേക്ഷകൾ പ്രോസസിങ് ചെയ്യുവാനുള്ള സ്വാഭാവികമായ സമയം ലഭിക്കാത്ത രീതിയിൽ ഫെസ്റ്റിവൽ നടക്കുന്നതിനു ഏതാനും ആഴ്‌ചകൾ മുൻപ് മാത്രമാണോ അക്കാദമി സിനിമകൾ അനുമതിക്കായി സമർപ്പിച്ചത് എന്നതും അറിയേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ സിനിമകൾക്കും കലകൾക്കും നേരെയുള്ള രാഷ്ട്രീയവും കടന്നുകയറ്റവും വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്.” ബിജു പറഞ്ഞു.
“ഇത്തരം കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യേണ്ടത് ഒരു ചലച്ചിത്ര മേളയുടെ ആർട്ടിസ്‌റ്റിക് ഡയറക്‌ടറും, അക്കാദമി ചെയർമാനും ആണ്. ദൗർഭാഗ്യകരം എന്ന് പറയട്ടെ കേരള ചലച്ചിത്ര മേളയുടെ മുപ്പതു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയർമാനും ആർട്ടിസ്‌റ്റിക്ക് ഡയറക്‌ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നത്. ആർട്ടിസ്‌റ്റിക്ക് ഡയറക്‌ടർ കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങൾ ആയി ഇല്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ ആകട്ടെ ഈ വർഷത്തെ ഐഎഫ്എഫ് നടക്കുമ്പോൾ ഈ പരിസരത്തെ ഇല്ല. സമാപന സമ്മേളനത്തിൽ വിശിഷ്‌ട അതിഥിയെ പോലെ എത്തും എന്നാണ് ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി പ്രസ്താവിച്ചത്. ഐഎഫ്എഫ്‌കെയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിക്കേണ്ട അക്കാദമി ചെയർമാൻ സ്‌ഥാനത്തു, ഇങ്ങനെ അതിഥി ആയി വന്നു പോകാൻ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ആണ് ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തുന്നത്.” ബിജു കൂട്ടിച്ചേർത്ത്
സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങിയത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത മറ്റു ചിത്രങ്ങൾ.