അന്ധമായ ആയുഷ് വിരോധം കൊണ്ട് കേരളത്തില്‍ കുത്തിത്തിരിപ്പിന് ഇറങ്ങരുതെന്ന് സിനിമാ സംവിധായകനും ഹോമിയോപ്പതി ഡോക്ടറുമായ ബിജു ദാമോദരന്‍.ഐ എം എ വൈസ് പ്രസിഡന്റ് ഡോ.എന്‍. സുല്‍ഫിയുടെ പ്രതാവനകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജു ഉന്നയിക്കുന്നത്.സത്യത്തില്‍ ഐ എം എ എന്ന സംഘടനയുടെ നേതാവ് എന്നവകാശപ്പെടുന്ന ഈ സുല്‍ഫിയെപ്പോലെ ഉള്ള ആളുകള്‍ വിളമ്പുന്ന അസംബന്ധങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും മറുപടി പറയുന്നത് തന്നെ സമയം മിനക്കെടുത്തല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഐ എം എ യുടെ വൈസ് പ്രസിഡന്റ് എന്ന് പറയപ്പെടുന്ന ഡോ . എൻ . സുൽഫി യുടെ പ്രസ്താവനകൾ ഔദ്യോഗികമായി ഐ എം എ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം . ഇന്നത്തെ പത്രത്തിൽ അദ്ദേഹത്തിന്റേതായി ഒരു പ്രസ്താവന ഉണ്ട് അദ്ദേഹം പറയുന്നത് രണ്ടു മൂന്ന് കാര്യങ്ങൾ ആണ് . രോഗപ്രതിരോധ ശേഷി കൂട്ടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ച ഹോമിയോപ്പതി മരുന്നുകൾ നിരോധിക്കണം . അവയ്ക്ക് ശാസ്ത്രീയ അടിത്തറ ഇല്ല . അതുകൊണ്ട് ആയുഷ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കണം . ഹോമിയോപ്പതി മരുന്ന് കഴിച്ച ആളുകൾക്ക് ധാരാളം പേർക്ക് രോഗം ബാധിച്ചു .
ഈ വിഷയത്തിൽ തിരികെ ചോദിക്കാനുള്ളതും ഒന്ന് രണ്ടു കാര്യങ്ങളെ ഉള്ളൂ . അതിനു മുൻപായി ചില കാര്യങ്ങൾ ആമുഖം ആയി പറഞ്ഞു കൊള്ളട്ടെ . സത്യത്തിൽ ഐ എം എ എന്ന സംഘടനയുടെ നേതാവ് എന്നവകാശപ്പെടുന്ന ഈ സുൽഫിയെപ്പോലെ ഉള്ള ആളുകൾ വിളമ്പുന്ന അസംബന്ധങ്ങൾക്കും വിവരക്കേടുകൾക്കും മറുപടി പറയുന്നത് തന്നെ സമയം മിനക്കെടുത്തൽ ആണ് . ഐ എം എ എന്നത് കേരളത്തിൽ മാത്രം കണ്ടു വരുന്ന ഡോക്ടർമാരുടെ ഒരു പ്രൈവറ്റ് സംഘടന ആണ് . ഇന്ത്യയിൽ മറ്റെവിടെയും ഈ കക്ഷികൾ ഇതേപോലെ ഭീഷണി ആയി ഇറങ്ങി കാണാറില്ല . ഇവിടെ സർക്കാരിനെ പോലും ഭീഷിണിപ്പെടുത്തുന്നത് ഇവരുടെ സ്ഥിരം ഏർപ്പാടാണ് . ഈ ഡോ . സുൽഫി ഒന്ന് രണ്ടു വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രിയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു ഹോമിയോപ്പതിയെ ഇന്ത്യയിൽ നിരോധിക്കണം എന്നായിരുന്നു ആവശ്യം . ഫേസ്ബുക്കിലൂടെയും പത്ര സമ്മേളനത്തിലൂടെയും പ്രധാനമന്ത്രിയ്ക്ക് അയച്ച ആ കത്തിന്മേൽ നടപടി എന്തായോ എന്തോ ..അത് സുൽഫി ഒന്ന് അപ്‌ഡേറ്റ് ചെയ്യും എന്ന് കരുതുന്നു. ഈ കൊറോണ കാലത്ത് തുടക്കത്തിൽ തന്നെ ഒരു ചാനലിൽ വന്നിരുന്ന് ആയുഷ് വകുപ്പ് നിരോധിക്കണം അവർക്ക് ഒരു രൂപയുടെ പോലും ഫണ്ട് മരുന്നിനോ റിസർച്ചിനോ അനുവദിക്കരുത് എന്നൊക്കെ സുൽഫി തട്ടി വിട്ടിരുന്നു . അതിനു മറുപടിയായി ബഹുമാനപ്പെട്ട ശൈലജ ടീച്ചർ തന്നെ സുൽഫിയോട് പറഞ്ഞിരുന്നു ആരോഗ്യ രംഗത്ത് അസഹിഷ്ണുത അല്ല വേണ്ടത് പരസ്പര സഹകരണവും സഹവർത്തിത്വവും ആണ് എന്ന്. അത് കേട്ട് ഇളിഞ്ഞ ചിരിയോടെ മിണ്ടാതിരിക്കുക ആയിരുന്നു സുൽഫി . ഏതാണ്ട് അഞ്ചു മാസം കഴിയുമ്പോളാണ് വീണ്ടും പുറത്തു വന്നു ആയുഷിനെതിരെ അസഹിഷ്ണുതയുടെ വിഷം ഛർദിക്കുന്നത് ..ഇനി സുൽഫിയുടെ ആരോപണങ്ങളിലേക്ക് വരാം .ശാസ്ത്രീയ അടിത്തറ ഇല്ലാത്തതു കൊണ്ട് ഹോമിയോപ്പതി ഇമ്മ്യുണിറ്റി ബൂസ്റ്റർ മരുന്ന് നിരോധിക്കണം ആയുഷ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നിർത്തണം – ശാസ്ത്രീയതയെ പറ്റി സംസാരിക്കുന്ന സുൽഫി ബൾബിനും പെയിന്റിനും ഒക്കെ അണുനാശിനി കഴിവ് ഉണ്ട് എന്ന് ഐ എം എ സർട്ടിഫൈ ചെയ്തത് എന്ത് ശാസ്ത്രീയ അടിത്തറയിൽ ആണെന്ന് പൊതുജനങ്ങളോട് വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കുന്നു .ഹൈഡ്രോക്സി ക്ളോറോക്വിനും , മലേറിയയ്ക്കും എയിഡ്സിനും ഒക്കെ നൽകുന്ന മരുന്നുകളും വൈറ്റമിൻ സി ട്രീട്മെന്റും ഒക്കെ കോവിഡ് രോഗികളിൽ നൽകുന്നതും പരീക്ഷിക്കുന്നതും എന്ത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുമോ . ഇനി ഹോമിയോപ്പതി മരുന്നിന്റെ കാര്യം . ഇത് പുതുതായി കണ്ടു പിടിച്ച മരുന്ന് ഒന്നുമല്ല . എത്രയോ വർഷങ്ങളായി ഇന്ത്യൻ ഹോമിയോപ്പതിക് ഫാർമക്കോപ്പിയ പ്രകാരം സർക്കാർ അംഗീകാര പ്രകാരം നിർമിച്ചു വിപണിയിൽ ഉപയോഗിക്കപ്പെടുന്ന മരുന്ന് ആണ് . സെൻട്രൽ കൗൺസിൽ ഓഫ് റിസർച് ഇൻ ഹോമിയോപ്പതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടർന്ന് കേരള സർക്കാരും അനുമതി നൽകിയത് അനുസരിച്ചാണ് ഈ മരുന്ന് നൽകുന്നത് . ഇതിനു മേലെ ഇനി ഐ എം എ യുടെ പെയിന്റ് ബൾബ് സർട്ടിഫിക്കറ്റ് പോലെ ഉള്ള അനുമതി വാങ്ങണം എന്നാണെങ്കിൽ അതിന്റെ ആവശ്യം തൽക്കാലം ഇല്ല . പിന്നെ പഠനങ്ങളെ സംബന്ധിച്ചാണെങ്കിൽ ഇമ്യുണിറ്റി ബൂസ്റ്റർ എഫിക്കസിയെ പറ്റി 1159 ആളുകളിൽ കേരളത്തിൽ നടത്തിയ പഠനം പബ്ലിഷ് ചെയ്തിട്ടുണ്ട് . നിരവധി പഠനങ്ങൾ കോവിഡുമായി ബന്ധപ്പെട്ടു ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നു . അലോപ്പതി മേഖലയിലും ഇപ്പോഴും ഇത്തരം പഠനങ്ങൾ നടന്നു വരിക ആണല്ലോ .
ഇനി രണ്ടാമത്തെ ആരോപണം ഹോമിയോപ്പതി മരുന്ന് കഴിച്ച ആളുകൾക്കാണ് കൂടുതലും രോഗം ബാധിച്ചത് എന്നാണ് സുൽഫി പറയുന്നത് . പ്രിയപ്പെട്ട സുൽഫി ഒരു കാര്യം ആരോപിക്കുമ്പോൾ വ്യക്തമായ തെളിവുകളും ഡേറ്റയും വെച്ചിട്ടു വേണം ആരോപിക്കാൻ . അല്ലാതെ സ്‌കൂൾ പിള്ളാരെ പോലെ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുക അല്ല വേണ്ടത് .ഹോമിയോപ്പതി ഇമ്യൂണിറ്റി മരുന്ന് കഴിച്ച എല്ലാ ആളുകൾക്കും രോഗം ബാധിക്കില്ല എന്ന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല . രോഗപ്രതിരോധ ശേഷി വർധിക്കുമ്പോൾ രോഗം പിടിപെടാനുള്ള സാധ്യത കുറയും എന്നാണ് പറഞ്ഞിട്ടുള്ളത് . ഒരു മരുന്നും 100 ശതമാനം ഫലപ്രദമല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ് . തീർച്ചയായും ഇമ്യുണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചവരിലും ചിലർക്ക് രോഗം വരാൻ ഇടയുണ്ട് . പക്ഷെ രോഗം ബാധിച്ച ഭൂരിഭാഗം പേരും ഇമ്യൂണിറ്റി മരുന്ന് കഴിച്ചവരാണ് എന്നൊക്കെ പറയുമ്പോൾ സുൽഫി തള്ളാണെങ്കിലും ഒരു മയത്തിൽ ഒക്കെ തള്ളണ്ടേ .. ഹോമിയോപ്പതി ഇമ്യുണിറ്റി മരുന്ന് കഴിച്ച എത്ര ആളുകൾക്ക് ആണ് രോഗം ബാധിച്ചത് എന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വേണ്ടേ ആരോപണം ഉന്നയിക്കേണ്ടത് . ഏതൊക്കെ ജില്ലകളിൽ എത്ര പേർക്കാണ് രോഗം ബാധിച്ചവരിൽ ഹോമിയോപ്പതി മരുന്ന് കഴിച്ചിരുന്നത് എന്ന ഒരു കണക്കോ അവരുടെ പേരുകളോ നിങ്ങൾക്ക് ഹാജരാക്കാമോ . അപ്പോൾ നമുക്ക് പരിശോധിക്കാൻ സാധിക്കുമല്ലോ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചതിൽ എത്ര ശതമാനം പേർക്ക് രോഗം ബാധിച്ചു എന്നത് . ആ കണക്കിന്റെ അടിസ്ഥാനത്തിൽ ഫലപ്രദം അല്ലെങ്കിൽ നമുക്ക് ഈ മരുന്ന് വിതരണം നിർത്തി വെക്കാമല്ലോ.ഇങ്ങനെ ഒരു കണക്ക് ഹാജരാക്കാനില്ലെങ്കിൽ നിങ്ങൾക്കെതിരെ പൊതുജനങ്ങളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കാൻ നിരന്തര ശ്രമം നടത്തുന്നതിന് കേസെടുക്കേണ്ടതാണ് . ആ ആവശ്യം ആയുഷ് സംഘടനകൾ ഏറ്റെടുക്കുമെന്നും സുൽഫിയ്ക്കെതിരേ ഇത്തരത്തിൽ നിരന്തരം പൊതു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നതിനു കേസ് ഫയൽ ചെയ്യും എന്നും കരുതുന്നു . അവസാനമായി ഒരു വാക്ക് . വേണമെങ്കിൽ ഉപദേശം എന്ന് കരുതിക്കൊള്ളൂ . നിങ്ങളെക്കാൾ കൂടുതൽ ലോകം കണ്ട ഒരാൾ എന്ന രീതിയിൽ വേണമെങ്കിൽ പരിഗണിച്ചാൽ മതി . ഇത്രമാത്രം അസഹിഷ്ണുതയും അസൂയയും വിവരമില്ലായ്മയും കൊണ്ട് നടക്കുന്നത് ഒരു ഡോക്ടർക്കും ഭൂഷണമല്ല . പ്രേത്യേകിച്ചും ഇത്തരം ഒരു പാൻഡെമിക് പടരുന്ന ഘട്ടത്തിൽ അലോപ്പതി ഉൾപ്പെടെ ഒരു വൈദ്യശാസ്ത്രത്തിനും കൃത്യമായ ഒരു പ്രതിവിധി നൽകാനില്ലാതെ നെട്ടോട്ടം ഓടുമ്പോൾ എല്ലാ വൈദ്യ ശാസ്ത്രങ്ങൾക്കും സാധ്യമായ രീതിയിൽ ഇതിനെതിരെ പോരാടുക എന്നതാണ് കരണീയം . ചൈനയിൽ അലോപ്പതിയ്ക്കൊപ്പം അവരുടെ തദ്ദേശീയ വൈദ്യശാസ്ത്രമായ ചൈനീസ് മെഡിസിനും ഒന്നിച്ചാണ് ഈ രോഗത്തെ നേരിട്ടത് . ക്യൂബയിൽ അലോപ്പതിയ്ക്കൊപ്പം ഹോമിയോപ്പതി കൂടി ചേർന്നാണ് രോഗത്തെ നിർമാർജ്ജനം ചെയ്തത് . അതൊക്കെ മറച്ചു വെച്ച് കൊണ്ട് നിങ്ങളുടെ ഈ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള ഒരു സമയം അല്ല ഇത് . .സഹിഷ്ണുതയും സഹവർത്തിത്വവും ആണ് വേണ്ടത് . ജനങ്ങളെയാണ് നിങ്ങൾ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത് . അത് ഒരു ഡോക്ടർക്ക് ചേർന്ന ധാർമികത ആണോ എന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ അന്ധമായ ആയുഷ് വിരോധം കൊണ്ട് കേരളത്തിൽ കുത്തിത്തിരിപ്പിന് ഇറങ്ങരുത് എന്നാണ് പറഞ്ഞതിന്റെ അർത്ഥം