
ജനനായകനെതിരെയുള്ള സെൻസർബോർഡിന്റെ നടപടിയിൽ ചിത്രത്തിന് പിന്തുണയുമായി സംവിധായകൻ അജയ് ജ്ഞാനമുത്തു. “നടപടി പൂർണ്ണമായും അധികാര ദുർവിനിയോഗമാണെന്നും, സിനിമ നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണെന്നും” അജയ് കുറിച്ചു. കൂടാതെ ചിത്രം എപ്പോൾ റിലീസ് ചെയ്താലും മുമ്പത്തേക്കാൾ ആഘോഷിക്കുമെന്നും അജയ് കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“പൂർണ്ണമായ അധികാര ദുർവിനിയോഗം.. ഏതൊരു സിനിമയും ഒരാളുടേത് മാത്രമല്ല, നൂറുകണക്കിന് ആളുകളുടെ പരിശ്രമങ്ങളും പണവുമാണ് ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ ആവശ്യമായി വരുന്നത്. ടീമിന് എല്ലാ പിന്തുണയും. ഇത് ദളപതിയുടെ സിനിമയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രവുമാണ്, അത് എപ്പോൾ റിലീസ് ചെയ്‌താലും നമ്മൾ മുമ്പത്തേക്കാൾ ആഘോഷിക്കും!! തലൈവരുടെ എപ്പോൾ വരുന്നോ, അപ്പോൾ തിയേറ്ററിലേക്ക് പോകും,” അജയ് ജ്ഞാനമുത്തു കുറിച്ചു.
‘ജനനായകന്റെ’ റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസാണ് ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.സെൻസർബോർഡിൻ്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.