
തന്നോട് അൽപ്പമെങ്കിലും നീതി കാണിക്കണമെന്ന് അപേക്ഷിച്ച് നടൻ ദിലീപ്. കോടതി കുറ്റവിമുക്‌തനാക്കിയ ശേഷവും മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണെന്നും, അസത്യങ്ങളാണ് അവർ പുറത്തുവിടുന്നതെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതേവിട്ട ശേഷം സന്നിധാനത്തെത്തിയതായിരുന്നു ദിലീപ്. തന്ത്രിയെ കാണാനായി കാത്തു നിൽക്കുമ്പോൾ മനോരമയ്ക്ക് നൽകിയ പ്രതികരണത്തിലായിരുന്നു ദിലീപിന്റെ അപേക്ഷ.
“എന്നെ എല്ലാവരും ഉപദ്രവിക്കുകയാണ്. എന്തെല്ലാം അസത്യങ്ങളാണ് തട്ടി വിടുന്നത്. അൽപമെങ്കിലും നീതി വേണ്ടേ. ഞാൻ അയ്യപ്പ ഭക്തനാണ്. കഴിഞ്ഞ വർഷം ദർശനത്തിനു വന്നപ്പോൾ ചെറിയ വിവാദം ഉണ്ടായി. ഇത്തവണ വഴിപാട് ബുക്ക ചെയ്താണ് വന്നത്.” ദിലീപ് പറഞ്ഞു.
രാവിലെ 8.30 ന് പമ്പയിൽ എത്തിയ ദിലീപ് ഒപ്പമുള്ളവർക്കൊപ്പം പൊൻകുന്നത്തു നിന്ന് കെട്ടു മുറുക്കിയാണ്. ഗോപാലകൃഷ്ണൻ, ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജക്കു ടിക്കറ്റ് എടുത്തത്. പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരുടെ കളഭ പുജയിൽ പങ്കെടുത്ത ശേഷമാണ് ഉച്ച പൂജയ്ക്കു പോയത്. സുഹൃത്ത് ശരത്ത്, അഡ്വ: പ്രണവ്, ചെന്നൈയിലെ വ്യവസായി ശശികുമാർ എന്നിവരോടൊപ്പമാണ് ദർശനത്തിനു വന്നത്. പമ്പയിൽ നിന്നു കാൽ നടയായി മലകയറി സന്നിധാനത്ത് എത്തിയ ദിലീപ് ഇരുമുടികെട്ട് ഇല്ലാത്തതിനാൽ സ്‌റ്റാഫ് ഗേറ്റു വഴി സോപാനത്ത് എത്തി ദർശനം നടത്തി. തുടർന്ന് മേൽശാന്തി, തന്ത്രി എന്നിവരെ കണ്ട് പൂജയുടെ വിവരങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. വിധി കേട്ട് പുറത്തു വന്നതിനു പിന്നാലെയുള്ള ദിലീപിന്റെ ആദ്യ പ്രതികരണം ചർച്ചയായിരുന്നു. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.
ശിക്ഷാവിധിക്ക് പിന്നാലെ അതിജീവിതയും മഞ്ജുവാര്യരും ശക്തമായ പ്രതിഷേധം തന്നെ രേഖപ്പെടുത്തിയിരുന്നു. തനിക്ക് മൗലിക അവകാശങ്ങൾ നിഷേധിച്ചെന്ന് അതിജീവിതയും. കുറ്റകൃത്യത്തിന്റെ ആസൂത്രിതർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപെടുത്തുവെന്ന് മഞ്ജുവാര്യരും പ്രതിഷേധിച്ചു. പൃഥ്വിരാജ് അടക്കമുളള താരങ്ങൾ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെ ആദ്യമായി സംഭവത്തിൽ പ്രതിയ്ക്കരിച്ച് അതിജീവിത രംഗത്തു വന്നിരുന്നു. എട്ടു വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ നീണ്ട ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താൻ കാണുന്നുവെന്നായിരുന്നു കോടതി വിധിയോടുള്ള അതിജീവിതയുടെ പ്രതികരണം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അതിജീവിതയുടെ പ്രതികരണം. പൃഥ്വിരാജ്, മഞ്ജുവാര്യർ അടക്കമുളള താരങ്ങൾ അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.