ക്രിസ്മസ്സ് റിലീസായെത്തിയ മൈ സാന്റാ കുട്ടികളുടെ കാഴ്ച്ചയിലൂടെ മുതിര്‍ന്നവര്‍ക്കുള്ള സന്ദേശം നല്‍കുന്ന ചിത്രമാണ്. ഓര്‍ഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് ഒരുക്കിയ ചിത്രം കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യം വെയ്ക്കുന്നത്. പനിനീര്‍പൂക്കളെ പോലെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന കുട്ടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് അല്ലെങ്കില്‍ കൊച്ചുകുട്ടികളുടെ മുഖം വാടിയാല്‍ ഉള്ളം പൊള്ളുന്നവര്‍ക്ക് ഇഷ്ടമാകുന്ന ചിത്രമാണ് മൈസാന്റാ. ബോബി മാനസ്വിയും ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയ കുട്ടിയും തന്നെയാണ് മൈ സാന്റായുടെ നട്ടെല്ല്. നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന കാലത്ത് തനിച്ചായി പോകുന്ന കുട്ടിയുടെ നൊമ്പരങ്ങളാണ് ചിത്രത്തിന്റെ ആദ്യ പകുതി. കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടാകണമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് മനോഹരമായിരുന്നു എന്ന് മാത്രമല്ല, യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തിയെന്നതും സവിശേഷതയായി തോന്നി. മൈ സാന്റായ്‌ക്കൊപ്പമുള്ള ബേബി മാനസ്വി അവതരിപ്പിച്ച ഐസ എന്ന കഥാപാത്രത്തിന്റെ ഫാന്റസി യാത്രയാണ് അല്‍പ്പം ഇഴച്ചിലുള്ളതായി തോന്നിയത്. അതേ സമയം കുട്ടികള്‍ക്ക് ഒരുപക്ഷേ ഏറ്റവും ആസ്വാദ്യകരമായി തോന്നിയത് ഈ രംഗങ്ങളാവാം. കുട്ടികളുടെ നിഷ്‌കളങ്കമായ സൗഹൃദവും പങ്കുവെയ്ക്കലുമെല്ലാം ബേബി മാനസ്വിയും ബേബി ദേവാനന്ദയും ചേര്‍ന്ന് ഗംഭീരമാക്കി. കുട്ടികളുടെ മനസ്സറിഞ്ഞുള്ള ഗ്രാഫിക്‌സ് എല്ലാം തന്നെ നന്നായിരുന്നു. ഫൈസല്‍ അലിയുടെ ക്യാമറ, സാജന്റെ എഡിറ്റിംഗ്, വിദ്യാസാഗറിന്റെ സംഗീതം ഇവയെല്ലാം തന്നെ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തി. ജെമിന്‍ സിറിയക്കിന്റെ കുട്ടികളുടെ മനസ്സറിഞ്ഞുള്ള തിരക്കഥയുടെ മനോഹര മെയ്ക്കിംഗ് തന്നെയാണ് സുഗീത് നടത്തിയിട്ടുള്ളത്.
ബേബി മാനസ്വിക്ക് മുന്നില്‍ വലിയ അഭിനയലോകം തന്നെ തുറന്ന് കിടക്കുന്നു എന്നാണ് ചിത്രം കണ്ട ആര്‍ക്കും അനുഭവപ്പെടുന്ന കാര്യം. കഥയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിലീപും കയ്യടി അര്‍ഹിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ശുഭരാത്രി, മൈ സാന്റാ എന്നീ രണ്ട് ചിത്രങ്ങള്‍ താരത്തിന്റെ തെരഞ്ഞെടുപ്പിലെ വൈദഗ്ദ്യം കൂടെ വെളിവാക്കുന്ന ചിത്രങ്ങളാണ്. തന്റെ താരപദവി, അല്ലെങ്കില്‍ തനിയ്ക്ക് ഈ സിനിമയില്‍ എന്ത് ചെയ്യാനാകുമെന്നതിനപ്പുറം നല്ല സിനിമയുടെ ഭാഗമാവുക എന്നതോടെ ചിത്രത്തിന് മറ്റൊരു വാണിജ്യ സ്വഭാവം കൂടെ കൈവരുന്നത് ചിത്രങ്ങള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സായ്കുമാര്‍ ഒരു മികച്ച കഥാപാത്രമായെത്തി. കലാഭവന്‍ ഷാജോണും നല്ല പ്രകടനമാണ് കാഴ്ച്ച വെച്ചത്. കരുതലും പങ്കുവെയ്ക്കലും സ്‌നേഹവും പങ്കിടാനെത്തിയ സാന്റ ക്രിസ്മസ്സ് ആഘോഷത്തിനൊപ്പം കുട്ടികളുടെ മനസ്സിലൂടെ വലിയവരെ തിയേറ്ററിലെത്തിക്കുമെന്നുറപ്പാണ്.