“കുടുംബം തകരാൻ കാരണം ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം, ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു”; മഞ്ജു വാര്യർ

','

' ); } ?>

ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് വിചാരണക്കോടതിയിൽ മൊഴി നൽകി മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ. കാവ്യ മാധവനുമായിട്ടുള്ള വിവാഹേതര ബന്ധം തന്നോട് പറഞ്ഞത് നടിയാണെന്ന വിചാരമാണ് വൈരാഗ്യത്തിന് കാരണമെന്ന് മഞ്ജു വ്യക്തമാക്കി. മഞ്ജുവിന്റെയും ഗീതുമോഹൻദാസിന്റെയും മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

“1998 ഒക്ടോബർ 20 നാണ് ദിലീപുമായിട്ടുള്ള മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. തുടർന്ന് ദിലീപിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. 2012 ഫെബ്രുവരി 12 ന് കാവ്യ മാധവനുമായുള്ള ചില സ്വകാര്യ സന്ദേശങ്ങൾ ദിലീപിൻ്റെ പഴയ മൊബൈൽ ഫോണിൽ കണ്ടു. തുടർന്ന് ദിലീപിനെ വിളിച്ചെങ്കിലും കിട്ടിയില്ല. കാവ്യയെ വിളിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. അതിനുശേഷം കാവ്യയുടെ അമ്മയെ വിളിച്ചപ്പോൾ, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തിൽ അവർ ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമണത്തിന് ഇരയായ നടിക്കും ഗായിക റിമി ടോമിക്കും അറിയാമെന്നും കാവ്യയുടെ അമ്മ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മഞ്ജു സുഹൃത്തുക്കളായ നടിമാരായ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ എന്നിവരുമായി പങ്കുവെച്ചു.” മഞ്ജുവിന്റെ മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കി.

“തുടർന്ന് ഫെബ്രുവരി 14 ന് മഞ്ജു അക്രമത്തിനിരയായ നടിയുടെ വീട്ടിലെത്തി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിച്ചു. സത്യം തുറന്നുപറയാൻ പിതാവ് നിർദേശിച്ച പ്രകാരം, യുവനടി തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മഞ്ജുവിനോട് പറഞ്ഞു. ഇതിനുശേഷം സംയുക്തയുടെ വീട്ടിലെത്തിയ മഞ്ജു വീണ്ടും കാവ്യയുടെ അമ്മയെ വിളിച്ചു. ഈ ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നൽകിയതായി കാവ്യയുടെ അമ്മ അറിയിച്ചു. തൊട്ടടുത്ത ദിവസം മഞ്ജു ദിലീപിൻ്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഇക്കാര്യങ്ങളെല്ലാം ദിലീപിൻ്റെ സഹോദരങ്ങളോട് പറഞ്ഞു. രണ്ടു ദിവസത്തിനുശേഷം ദിലീപ് എത്തിയപ്പോൾ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ഫോണിൽ മെസ്സേജ് അയച്ചതിനെക്കുറിച്ച് ഓർമ്മയില്ലെന്നാണ് മറുപടി നൽകിയത്. അതിജീവിതയായ നടി പക്വതയില്ലാത്ത പെൺകുട്ടിയാണ്. അവൾ പറയുന്നതൊന്നും കണക്കിലെടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു. ഈ വിവാഹേതര ബന്ധമാണ് ദിലീപുമായുള്ള തൻ്റെ ദാമ്പത്യബന്ധം തകർത്തത്. തുടർന്ന് താലിമാലയും വിവാഹമോതിരവും ആ വീട്ടിൽ ഉപേക്ഷിച്ച് താൻ പോകുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു.” മഞ്ജുവിന്റെ മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി വിധിയിൽ കൂട്ടിച്ചേർത്തു.

“ദിലീപിന്റെ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മഞ്ജു കരഞ്ഞു. ഫോണിൽ സന്ദേശങ്ങൾ കണ്ടകാര്യം അടക്കം പറഞ്ഞിരുന്നു. 2009 നുശേഷം കാവ്യയുമായുള്ള സുഹൃദ് ബന്ധം അവസാനിപ്പിച്ചിരുന്നു.” ഗീതു മോഹൻദാസ് കോടതിയിൽ വ്യക്തമാക്കി. “ദിലീപും കാവ്യയും ആക്രമണത്തിന് ഇരയായ നടിയും തന്റെ സുഹൃത്തുക്കളാണ്. മഞ്ജു വാര്യരെ അറിയാം. 2010-11 കാലയളവിൽ ഒരുമിച്ച് സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാൽ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ഇക്കാര്യം ചോദിച്ച് മഞ്ജു വിളിച്ചിരുന്നു.” റിമി ടോമി വ്യക്തമാക്കി.

എന്നാൽ കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളിൽ പരാമർശിച്ചിട്ടു പോലുമില്ല. സംയുക്തയുടെ വീട്ടിൽ വെച്ച് ദിലീപ്, കാവ്യ, കാവ്യയുടെ അമ്മ എന്നിവരുമായി മഞ്ജു വാര്യർ ബന്ധപ്പെട്ടിരുന്നുവെന്നത് പൊലീസ് രേഖകളിൽ കാണാനില്ലെന്നും കോടതി പറയുന്നു.

കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളിൽ പരാമർശിച്ചിട്ടു പോലുമില്ലെന്നാണ് വിചാരണ കോടതി നിരീക്ഷിച്ചത്.
കാവ്യയുടെ അമ്മയും മഞ്ജുവുമായുള്ള സംഭാഷണ വിവരങ്ങൾ കോടതിയിൽ പറഞ്ഞില്ല. ദിലീപുമായി നിരന്തരം കാണാറുള്ള കാര്യം കാവ്യയും കോടതിയിൽ നിഷേധിച്ചു. തനിക്കോ ദിലീപിനോ നടിയുമായി ശത്രുത ഇല്ലെന്നും കാവ്യ അറിയിച്ചു.