
നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോയെന്ന ചോദ്യവുമായി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെയാണ് നടിയുടെ പ്രതികരണം. അന്നേ എല്ലാം തുറന്നു പറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും, എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നുവെന്നും അതി ജീവിത കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു. 20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ Not a victim, not a survivor, just a simple human being- let me live.” അതിജീവിത കുറിച്ചു.
കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ തൃശ്ശൂര്‍ സൈബര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കേസ് എടുക്കുക. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെതായ വീഡിയോ പുറത്തുവന്നത്. മാര്‍ട്ടിന്‍ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടിയുടെ പരാതി.