നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളെയും പ്രോസിക്യൂഷന് എതിര്‍ത്തു.
കേസിലെ പ്രതിയായ ആള്‍ക്ക് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അത് നല്‍കാനാകില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല, കോടതിയില്‍ സമര്‍പ്പിച്ചത് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മാത്രമാണെന്നും പ്രോസിക്യൂഷന് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാനിടയുണ്ടെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷന് തള്ളി. കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ലെന്നും ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളെല്ലാം സുരക്ഷിതമാണെന്നും പ്രോസിക്യൂഷന് പറഞ്ഞു. ദിലീപിന്റെ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചുള്ള ഹര്‍ജികള്‍ ഇനി ജനുവരി 25-ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ നാല് സാക്ഷികളെ ജനുവരി 22-ന് പുതുതായി വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷന് നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല് പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതില്‍ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന് ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല് പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.