
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ പുതുക്കിയ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മെയ് 23 ന് സിനിമ തിയേറ്ററുകളിൽ എത്തും. നേരത്തെ മെയ് 16 ന് എത്തുമെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചിരുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്.
ഒരു കൊലപാതകവും അതിൻ്റെ ചുരുളഴിക്കാൻ ഇറങ്ങുന്ന പൊലീസും ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന കഥാപാത്രത്തെയുമാണ് നേരത്തെ പുറത്തുവിട്ട ടീസറിൽ കാണിച്ചിരുന്നത്. കോമഡിയും ആക്ഷനും സസ്‌പെൻസും ഒക്കെ ചേർത്ത ഒരു പക്കാ എന്റർടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകിയത്. ചിത്രത്തിലെ അനൗൺസ്മെന്റ് വീഡിയോ നിർമാതാക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. മിന്നൽ മുരളിയിലെ സ്ഥലപ്പേരായ കുറുക്കൻ മൂലയുടെ റഫറൻസ് ടൈറ്റിൽ ടീസറിൽ വന്നിരുന്നു.ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
അഞ്ജലി മേനോന്‍റെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളായി സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ബാനര്‍ ആണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. പിന്നീട് കാട് പൂക്കുന്ന നേരം, പടയോട്ടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍ഡിഎക്സ്, കൊണ്ടൽ എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു.