
രൺവീർ സിങ് ചിത്രം ‘ധുരന്ധർ’ മേജർ മേജർ മോഹിത് ശർമയുടെ കഥയാണെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സംവിധായകൻ ആദിത്യ ധർ. മേജർ ശർമയുടെ കുടുംബാംഗങ്ങൾ തന്നെ ഇത്തരം താരതമ്യങ്ങളുമായി രംഗത്തെത്തിയതിനെ തുടർന്നാണ് സംവിധായകൻ ഔദ്യോഗികമായി വിശദീകരണം നൽകിയിരിക്കുന്നത്. ചിത്രം മേജർ ശർമയുടെ ജീവിതകഥയല്ലെന്നും, അങ്ങനെയൊന്ന് എടുക്കുന്നുണ്ടെങ്കിൽ മോഹിത്തിന്റെ കുടുംബത്തിൽ നിന്ന് അനുവാദം വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
“ഞങ്ങളുടെ സിനിമ ധുരന്ധർ ധീരനായ മേജർ മോഹിത് ശർമ് എസി(പി) എസ്‌എമ്മിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഇതൊരു ഔദ്യോഗിക വിശദീകരണമാണ്. അത്തരത്തിൽ ഒരു ബയോപ്പിക്ക് എടുക്കുകയാണെങ്കിൾ ഉറപ്പായും മേജർ മോഹിത്തിന്റെ കുടുംബത്തിൽ നിന്ന് അനുവാദം വാങ്ങിയാകും ചെയ്യുക.” ആദിത്യ ധർ പറഞ്ഞു.
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധുരന്ധർ’. ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെയാണ് റിലീസ് ആയത്. വയലൻസ് രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ സിനിമ മേജർ മേജർ മോഹിത് ശർമയുടെ കഥയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. മേജർ മോഹിത് ശർമയുടെ സഹോദരൻ മധുർ ശർമയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ‘ധുരന്ധറി’ന്റെ കഥ തന്റെ സഹോദരന്റെ സംഭവബഹുലമായ ജീവതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നായിരുന്നു മധുറിന്റെ വാദം.
ട്രെയ്‌ലറില്‍, ഭീകരർക്കിടെ രഹസ്യ ഓപ്പറേഷനിൽ ഏർപ്പെടുന്ന രൺവീർ സിംഗിന്റ ചില രംഗങ്ങളാണ് മേജർ മോഹിത്തുമായി താരതമ്യങ്ങൾ വരാൻ കാരണമായത്. 2004ൽ മേജർ ശർമ നടത്തിയ രഹസ്യ ദൗത്യം ഇന്ത്യൻ സൈനിക ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടാഴ്ചക്കാലം, ഭീകരരുടെ ഇടയിൽ അവരിൽ ഒരാളായി താമസിച്ചാണ് മേജർ രാജ്യത്തിനായി വിവരശേഖരണം നടത്തിയത്. ഈ സംഭവമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത് എന്നാണ് മേജറിന്റെ സഹോദരൻ ഉൾപ്പെടെ അവകാശപ്പെട്ടത്. 2009 മാർച്ച് 21 ന് കശ്മീരിലെ കുപ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ മോഹിത് ശർമ വെടിയേറ്റ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകിയാണ് മേജർ ശർമയെ ആദരിച്ചത്.
‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിലെത്തുന്നു. ഇന്ത്യ-പാക് വൈരമാണ് സിനിമയുടെ പ്രമേയം. തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി ശ്രദ്ധേയ ആയ സാറ അർജുൻ ആണ് നായിക. ആക്ഷൻ നിറഞ്ഞ ഒരു സ്പൈ ത്രില്ലർ ആയാണ് ‘ധുരന്ധർ’ എത്തുന്നത്. ആദിത്യയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, ‘ധുരന്ധർ’ ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് തിയേറ്ററുകളിലെത്തുക. ഛായാഗ്രഹണം – വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം – ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ – സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം – സ്‌മൃതി ചൗഹാൻ, ആക്ഷൻ – എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം – വിജയ് ഗാംഗുലി.