ഞാന്‍ പ്രകാശന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നുള്ള ദേവിക സഞ്ജയ് എന്ന ബാല താരം. മലയാളത്തിലെ പ്രമുഖ നടനായ ഫഹദ് ഫാസിലിനൊപ്പം മാറ്റുരച്ച് ചിത്രത്തില്‍ മികച്ച പ്രകടനമാണ് ദേവിക കാഴ്ച്ച വെച്ചത്. ഞാന്‍ പ്രകാശനില്‍ നായയെ അഴിച്ചിട്ടാണ് താരം പ്രകാശനെ പേടിപ്പിച്ചതെങ്കില്‍ കൊയിലാണ്ടിയില്‍ എത്തിയപ്പോഴും ഞങ്ങളെ പേടിപ്പിക്കാനായി ഡയാന എന്ന കൂട്ടുകാരി നായയും ദേവികയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ദേവിക സെല്ലുലോയ്ഡുമായി ചിത്രത്തിലെ തന്റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ്.
. എന്തൊക്കെയാണ് ഞാന്‍ പ്രകാശന്റെ വിശേഷങ്ങള്‍….?
. അടിപൊളി തന്നെ..ഇപ്പോള്‍ ചിത്രം റിലീസായി. നല്ല റിവ്യൂസ് ഒക്കെ വരുന്നുണ്ട്. എല്ലാവര്‍ക്കും നല്ല അഭിപ്രായങ്ങളാണ്, ഇഷ്ടമായെന്ന് പറയുന്നു. വെരി ഹാപ്പി.(നിറഞ്ഞ ചിരി)
.സ്‌കൂളില്‍ ഒരു സെലിബ്രറ്റി ആയി മാറിയോ?
. സ്‌കൂളിലൊക്കെ എല്ലാവരും ഭയങ്കര എക്‌സൈറ്റഡാണ്. ടീച്ചേഴ്‌സും ഫ്രണ്ട്‌സുമൊക്കെ. എല്ലാവരും നല്ല രീതിയില്‍ എന്‍ജോയ് ചെയ്തിട്ടുണ്ട്. എനിക്ക് സ്‌കൂളില്‍ സെലിബ്രിറ്റി സ്റ്റാറ്റസൊന്നുമില്ല.
.എങ്ങനെയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിലേക്കെത്തുന്നത്..?
. എന്നെ 7ാം ക്ലാസ്സിലും 6ാം ക്ലാസ്സിലുമൊക്കെ പഠിപ്പിച്ച ടീച്ചറാണ് രേണുക മാം., രേണുക ശശി. ഡോ. ബാലകൃഷ്ണന്‍ എന്ന മുമ്പുണ്ടായിരുന്ന ഒരു ഡയറക്ടറുടെ മകളായിരുന്നു എന്റെ മാം. അതുകൊണ്ട് തന്നെ മാം സത്യന്‍ അന്തിക്കാട് സാറുമൊക്കെയായി നല്ല പരിചയത്തിലായിരുന്നു. രേണുക മാമിനോടാണ് സത്യത്തില്‍ അവര്‍ ഒരു കുട്ടിക്കായി അന്വേഷിക്കുന്നത്. മാം ആദ്യം സജസ്റ്റ് ചെയ്തത് എന്റെ ഫ്രണ്ടായ ഋതു എന്ന കുട്ടിയെ ആയിരുന്നു. അവള്‍ ചെറുതായിരിക്കുമ്പോഴെ ഡബ്ബ് ഒക്കെ ചെയ്യുമായിരുന്നു. അപ്പോള്‍ ഋതുവാണ് പറഞ്ഞത് എനിക്ക് ഇന്‍ട്രസ്റ്റില്ല മാം ദേവികക്കാണ് ഇന്‍ട്രസ്റ്റ് എന്ന്. അങ്ങനെ വളഞ്ഞ ഒരു റൂട്ടില്‍ കൂടെയാണ് ഞാന്‍ സത്യന്‍ സാറിന്റെ അടുത്തെത്തിയത്.
.മുന്‍പെപ്പോഴെങ്കിലും അഭിനയിച്ചിട്ടുണ്ടോ..?
. സ്‌കിറ്റ്, ഗ്രൂപ്പ് ഡാന്‍സ്, ആങ്കറിങ്ങ്, ഗ്രൂപ്പ് സോങ്ങ്, എന്നീ പരിപാടികളല്ലാതെ ക്യാമറയുടെ മുമ്പിലുള്ള ആക്ടിങ്ങ് ചെയ്തിട്ടില്ല. എല്‍ കെ ജി മുതലെ ഡാന്‍സ് പഠിക്കുന്നുണ്ട്. ഒന്‍പത് കൊല്ലം ഒക്കെ പഠിച്ചിരുന്നു. പത്താം ക്ലാസ്സ് ആയപ്പോഴേക്കും ട്യൂഷന്‍ ഒക്കെയായി അതൊക്കെ ഡ്രോപ്പ് ചെയ്തു. പിന്നെ കുറച്ച് കാലം പാട്ട് പഠിച്ചിട്ടുണ്ട്. തട്ടി മുട്ടി പോവുകയാണ് എല്ലാം.
.ഫഹദിനെപ്പോളുള്ള ഒരു വലിയ നടനൊപ്പമുള്ള എക്‌സ്പ്പീരിയന്‍സ് ?.
. അടിപൊളിയാണ്. അടുത്ത് നിന്ന് നമ്മള്‍ ഇങ്ങനെ നോക്കുമ്പോള്‍ വണ്ടറടിച്ചുപോകും. നമ്മള്‍ സൂക്ഷ്മമായി ഒക്കെ നോക്കിയാല്‍ ശരിക്കും ത്രില്ലടിച്ച് പോവും. ചില സമയങ്ങളിലൊക്കെ അദ്ദേഹം എന്റെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ ഞാന്‍ അന്തം വിട്ട് നില്‍ക്കും. ഡയലോഗ് വരെ മറന്ന് പോയിട്ടുണ്ട്.
.സത്യന്‍ സാര്‍ എങ്ങനെയായിരുന്നു ഓഡിഷന്‍ ഒക്കെ നടത്തിയത്..?
. ആദ്യം ഞാന്‍ ഓഡിഷന്‍ ചെയ്യുമ്പോള്‍ തന്നെ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ പറഞ്ഞിരുന്നു. അതായിരുന്നു എന്റെ ആകെയുള്ള ഓഡിഷന്‍ വീഡിയോ. പിന്നീട് കുറച്ച് ദിവസം എന്നോട് ഷൂട്ടും സെറ്റുമൊക്കെ കണ്ട് ഒന്ന് പരിചയപ്പെടാന്‍ പറഞ്ഞു. ലൈവ് റെക്കോര്‍ഡിങ്ങ് ഒക്കെ ആയിരുന്നതിനാല്‍ ആക്ഷന്‍, കട്ട് എന്നിങ്ങനെയുള്ള ഷൂട്ടിങ്ങ് കമാന്‍ഡ്‌സ് ഒക്കെയായി പരിചയമാവാനായിരുന്നു ഇത്. പിന്നീട് അഭിനയിപ്പിച്ചപ്പോള്‍ ഈസിയായി തോന്നി.
. ടീന ഒരു പക്വതയുള്ള കഥാപാത്രമാണ് എന്ന് തോന്നിയോ..? ദേവികയും അങ്ങനെത്തനെയാണോ…?
. അത്രക്ക് മെച്ച്യൂരിറ്റി ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. പക്ഷെ ടീനയുടെ നോട്ടിയായ ഭാഗങ്ങളിലൊക്കെ എനിക്ക് എന്റെ സ്വഭാവത്തോട് നല്ല സാദൃശ്യം തോന്നി. അത്‌കൊണ്ട് തന്നെ എനിക്ക് നല്ല രീതിയില്‍ കണക്റ്റ് ചെയ്യാന്‍ പറ്റിയിരുന്നു. എന്നാല്‍ ടീനയുടെ ജീവിത സാഹചര്യങ്ങളിലൊക്കെ നല്ല വ്യത്യാസം തോന്നുന്നുണ്ട്. ടീനക്ക് അച്ഛനൊന്നുമില്ല. അതുകൊണ്ട് തന്നെ ടീന എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് കൂടി ഫിലോസഫിക്കലാണ്.
.ആദ്യമെ കഥാപാത്രത്തെക്കുറിച്ച് അത്തരമൊരു ധാരണയുണ്ടായിരുന്നോ…?
. സത്യന്‍ സാര്‍ ആദ്യമെ ടീനയുടെ കഥാപാത്രത്തെക്കുറിച്ച് നല്ല രീതിയില്‍ പറഞ്ഞ് തന്നിരുന്നു. എന്താണ് ടീനയുടെ സ്വഭാവം, മറ്റ് സവിശേഷതകള്‍ എന്നൊക്കെ. സത്യന്‍ സാര്‍ കഥ പറഞ്ഞതില്‍ പിന്നെ എനിക്ക് ഒരു ത്രില്ലായിരുന്നു. എപ്പോഴാണ് ഞാന്‍ ക്യാമറക്ക് മുമ്പിലെത്തുക എന്നൊരു ആകാംക്ഷയായിരുന്നു. സത്യന്‍ സാര്‍ നല്ല സപ്പോര്‍ട്ടായിരുന്നു. അത് പോലെ തന്നെ അഖിലേട്ടന്‍. ചേട്ടന്‍ ഒരു ലൈഫ് സെയ്‌വറായിരുന്നു. പിന്നെ കുമാര്‍ സാര്‍. വളരെ മൈന്യൂട്ടായിട്ടുള്ള തെറ്റുകളൊക്കെ അദ്ദേഹമാണ് പറഞ്ഞു തന്നത്. ഞാന്‍ ഡയലോഗ് പറഞ്ഞതിന് ശേഷം ചുണ്ടുകള്‍ അടയ്ക്കുമായിരുന്നു. അതൊക്കെ അദ്ദേഹമാണ് ചൂണ്ടിക്കാട്ടി തന്നത്. പിന്നെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സായ നന്ദന്‍, വന്ദന, ബിനോയേട്ടന്‍, രാജീവേട്ടന്‍, സൗണ്ട് എന്‍ജിനീയറായ അനില്‍ രാധാകൃഷ്ണന്‍ എന്നിവരൊക്കെ നല്ല സപ്പോര്‍ട്ടായിരുന്നു. എന്റെ ഹെയര്‍സ്റ്റൈലിസ്റ്റായ ജോബി ആന്റി ഷൂട്ടിങ്ങിന്റെ മുഴുവന്‍ സമയത്തും എന്റെ കൂടെ തന്നെയുണ്ടായിരുന്നു.
.കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ചയെ കുറിച്ച്…?
. കുറച്ച് ദിവസങ്ങളെടുത്താണ് ആ രംഗം ഷൂട്ട് ചെയ്തത്. ഓരോ ദിവസവും ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഇവര്‍ എന്നെ ചിരിപ്പിക്കാന്‍ തുടങ്ങും. പിന്നെ വയറ് വേദനിക്കുന്നവരെ ചിരിക്കും. പ്രത്യേകിച്ചും ഷാനുക്കാ (ഫഹദ് ഫാസില്‍) അഖിലേട്ടന്‍, സത്യന്‍ സാറിന്റെ മകനാണ്. അദ്ദേഹമാണ് അസോസിയേറ്റ് ഡയറക്ടര്‍, പിന്നെ ഒരു സെറ്റ് ഓഫ് അസോസിയേറ്റ് ഡിറക്ടേഴ്‌സ്. അവരൊക്കെ ഭയങ്കര സപ്പോര്‍ട്ടായിരുന്നു. ചില സീനുകളൊക്കെ നേരത്തെ ഡിസ്‌കസ്സ് ചെയ്ത് അതിനെക്കുറിച്ച് ചിരിച്ച് ഒടുവില്‍ ശരിക്കും സീനില്‍ എനിക്ക് ചിരിക്കാന്‍ പറ്റാതെയായി പോയി. പിന്നെ നൈറ്റ് ഷൂട്ട് സമയത്തൊക്കെ ഒരു പ്രത്യക യെല്ലോ ലൈറ്റൊക്കെയായി നല്ലൊരു മൂഡായിരുന്നു. മാത്രമല്ല ഷാനുക്കാ എന്നോട് കഥ പറയുന്നതൊക്കെ വളരെ ഇന്‍വോള്‍വ്‌മെന്റോടുകൂടിയായിരുന്നു. സൂക്ഷിച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലെ കൃഷ്ണമണി വരെ ലയിക്കുന്നത് കാണാമായിരുന്നു.
.കഥ കേള്‍ക്കുമ്പോള്‍ പറഞ്ഞ ഒന്ന് രണ്ട് കൗണ്ടര്‍ ഡയലോഗുകള്‍ പറയാമൊ…?
. കേശൂട്ടി.., മാളൂട്ടി.., ഇവരുടെ നേറ്റിവ് പ്ലെയ്‌സെന്താ ഊട്ടിയാണോ… (ചിരിക്കുന്നു). ഇത് അപ്പോഴൊക്കെ കേള്‍ക്കുമ്പോള്‍ നല്ല ചിരി വന്നിരുന്നു. പിന്നെ ഞാനതെല്ലാം കടിച്ച് പിടിച്ചിരുന്ന് ചെയ്യുകയായിരുന്നു. ഒരു രംഗത്തില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ചിരിച്ചതൊക്കെ അവര്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.
.സത്യന്‍ സാര്‍ കൃത്യമായി അഭിനയിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ടോ…?
. സത്യന്‍ സാര്‍ അങ്ങനെ ഒരു വാശി പിടിക്കുന്ന ആളൊന്നുമല്ല. സാര്‍ ഒഴുക്ക് എങ്ങനെയാണൊ അങ്ങനെ തന്നെ സമ്മതിക്കും. ചില ഡയലോഗ് ഡെലിവറിക്കൊക്കെ ഒരു സ്‌പെഷ്യല്‍ ടോണ്‍ വേണമല്ലോ. അങ്ങനെ ടോണൊക്കെ ശരിയാവാത്തപ്പോള്‍ അദ്ദേഹം പറയാറുണ്ട്.
.ഫഹദ് സാറിന്റെ സപ്പോര്‍ട്ടൊക്കെ എങ്ങനെയുണ്ടായിരുന്നു…?
. അങ്ങനെ പറഞ്ഞൊന്നും തരാറില്ല അദ്ദേഹം. നല്ലോണം ക്ഷമിച്ച് നില്‍ക്കുമായിരുന്നു. ടേക്ക് പോയാലൊന്നും കുഴപ്പമില്ല. എത്ര നേരം വേണമെങ്കിലും ക്ഷമയോടെ അദ്ദേഹം വെയ്റ്റ് ചെയ്യും. പിന്നെ ചിത്രത്തില്‍ തന്നെ അദ്ദേഹം സജസ്റ്റ് ചെയ്ത കുറേ കോമഡികള്‍ ഒക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ചില രംഗങ്ങള്‍ക്ക് തിയ്യേറ്ററുകളില്‍ നല്ല പ്രതികരണവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ നേത്രാവതി എക്‌സ്പ്രസിന്റെ രംഗമൊക്കെ നേരത്തെ നിശ്ചയിച്ച സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു. അത് ഒരു ദിവസം ഷൂട്ടിങ്ങ് വൈകിയ വേളയിലുണ്ടായതാണ്.
.ഫ്യൂച്ചര്‍ പ്രൊജ്ക്ട്‌സൊക്കെ….?
. കമല്‍ സാറിന്റെ മൂവി വന്നിട്ടുണ്ട്. പിന്നെ രഞ്ജി പണിക്കര്‍ സാറിന്റെ മകന്റെ ഒരു സിനിമയും. പക്ഷെ അതൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല. കാരണം ജനുവരിയിലാണ് ഷൂട്ടിങ്ങ് ആരംഭിക്കാമെന്നാണു പറഞ്ഞത്. ഇനിയും ഡിസ്റ്റ്രാക്ടഡാവാന്‍ എനിക്ക് താല്‍പ്പര്യമില്ല. എന്തായാലും മൂവീസും ആക്ടിങ്ങും ഞാന്‍ കണ്ടിന്യൂ ചെയ്യും. കാരണം ഞാന്‍ വളരെ എന്‍ജോയ് ചെയ്തിരുന്നു ആ സമയം. പക്ഷെ എല്ലാം പത്താം ക്ലാസ്സ് കഴിഞ്ഞതിന് ശേഷം മാത്രം.
.ഫാമിലിയെക്കുറിച്ച് ?.
അച്ഛന്റെ പേര് സഞ്ജയ്. അമ്മ ലളിത. ഒരനിയുണ്ട്. അനിയന്റെ പേര് ദേവാനന്ദ്. അച്ഛന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. അമ്മ പോലീസിലാണ്. അനിയന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. പിന്നെ വീടിനടുത്ത് തന്നെ മുത്തശ്ശിയും മുത്തശ്ശനും കസ്സിന്‍സും വല്ല്യമ്മയും ഒക്കെയുണ്ട്.
.സെറ്റില്‍ നസ്രിയ ഒക്കെ വന്നിരുന്നോ…?
. നസ്രിയ സെസറ്റില്‍ വന്നിരുന്നു…!!! സത്യത്തില്‍ ഷാനുക്കായോട് ഞാന്‍ അതിനെ കുറിച്ച് നേരത്തെ ചോദിച്ചിരുന്നു. പക്ഷെ ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയിരുന്നില്ല. ചിത്രത്തിലെ എന്റെ മുടിയുടെ സ്റ്റൈലിന് വേണ്ടിയുള്ള റെഫറന്‍സ് നസ്രിയ ആയിരുന്നു. ശ്രുതി എന്ന ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന വേളയില്‍ ഫഹദ് സാറിന്റെ പി എ ആയ അഖില്‍ എന്ന ചേട്ടന്‍ എന്നെ വന്ന് വിളിച്ചിരുന്നു. അപ്പൊ കാര്യം എന്താണെന്നറിയാതെ ചെന്ന ഞാന്‍ കണ്ടത് നസ്രിയ ചേച്ചിയെ ആയിരുന്നു. സത്യത്തില്‍ ഒരു മരവിപ്പായിരുന്നു. പിന്നീട് ഞാന്‍ ചേച്ചിയെ ചെന്ന് കെട്ടിപ്പിടിച്ചു. സെറ്റില്‍ വെച്ചുള്ള ഏറ്റവും ബെസ്റ്റ് മൊമന്റായിരുന്നു അത്. ഞാന്‍ ഒരു കട്ട നസ്രിയ ഫാന്‍ ആണ്. ഒരു ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍ കൂടിയാണ് .
.ശ്രീനിയേട്ടനോട് നല്ല സൗഹൃദമായിരുന്നോ..?
. ശ്രീനി സാറുമായി ഞാന്‍ അധികം കമ്പനി ഒന്നുമായിരുന്നില്ല. സെറ്റിലെ ബാക്കി എല്ലാവരോടും നല്ല കമ്പനിയായിരുന്നു. കാരണം എനിക്ക് കുറച്ച് പേടിയുണ്ടായിരുന്നു. ശ്രീനി സാര്‍ വന്നാല്‍ സത്യന്‍ സാറിനൊപ്പം ഡിസ്‌കസ് ചെയ്യുകയും പിന്നീട് അദ്ദേഹം ഒറ്റയ്ക്കിരിക്കുകയല്ലാതെ മറ്റാരോടും അങ്ങനെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഫഹദ് സാറും അതേപോലെയാണ്. അവര്‍ വളരെ പെട്ടെന്നാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ഷോട്ട് റെഡിയാവുമ്പോള്‍ അത്രയും നേരം നമ്മള്‍ കണ്ട ആളായിരിക്കില്ല.
.പ്രകാശന് തിരിച്ചറിവ് നല്‍കിയത് പോലെ ജീവിതത്തിലാര്‍ക്കെങ്കിലും ഒരു തിരിച്ചറിവ് നല്‍കാന്‍ സാധിച്ചോ..?
. എനിക്ക് സ്വന്തമായ ഒരു തിരിച്ചറിവ് ഉണ്ടാകാന്‍ കാത്തിരിക്കുകയാണ് ഞാന്‍.. (ചിരിക്കുന്നു)