അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തെ കുറിച്ചുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ പിതാവ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.ന്യായ്: ദി ജസ്റ്റിസ് എന്നാണ് ചിത്രത്തിന്റെ പേര്.
സുശാന്ത് സിങ്ങിന്റെ പേരില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കെ.കെ സിങ് നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. ന്യായ് ചിത്രത്തിന് പുറമെ, ‘സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്’, ‘ശശാങ്ക്’, പേരിട്ടിട്ടില്ലാത്ത മറ്റൊരു ചിത്രത്തിനെതിരെയും ഹരജിയില്‍ നടപടി ആവശ്യപ്പെട്ടിരുന്നു.
കുടുംബത്തിന്റെ സാഹചര്യം മുതലെടുത്ത് സുശാന്തിന്റെ മരണത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ, വെബ് സീരീസ്, അഭിമുഖങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കുന്നത് സുശാന്തിന്റെ പേരിന് ദോഷം ചെയ്യും. കൂടാതെ സുശാന്തിന്റെ കുടുംബത്തിന് മാനസികമായ സംഘര്‍ഷവും ഉണ്ടാവുന്നതാണ്. അതിനാല്‍ 2 കോടി നഷ്ടപരിഹാരവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി, ചിത്രവുമായി ബന്ധപ്പെട്ട റോയല്‍റ്റിയെ പറ്റിയുള്ള വിവരങ്ങളും, ലൈസന്‍സിങ്, ലാഭ വിഹിതം എന്നിവയെ കുറിച്ചുള്ള രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
ആദേശ് അര്‍ജുന്‍ എഴുതി ദിലീപ് ഗുലാതി സംവിധാനം ചെയ്ത ന്യായ്: ദി ജസ്റ്റിസില്‍ സുബേര്‍ ഖാന്‍, ശ്രേയ ശുക്ല, അമന്‍ വര്‍മ, ശക്തി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു. ജൂണ്‍ പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍സിബി, ഇഡി, സിബിഐ എന്നീ മൂന്ന് കേന്ദ്ര ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്.കഴിഞ്ഞ മാസം എന്‍സിബി അന്വേഷിക്കുന്ന മയക്ക്മരുന്ന് കേസില്‍ സുശാന്തിന്റെ പഴയ സുഹൃത്തായ സിദ്ധാര്‍ഥ് പിത്താണിയെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മയക്ക്മരുന്ന് കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിയും, സഹോദരന്‍ ഷോവിക് ചൗദരിയും നിലവില്‍ ജാമ്യത്തിലാണ്.