“എസ് പിയെ കേവലം ഒരു കാഴ്ചക്കാരനാക്കി മാറ്റി, അത് കൂടുതൽ വേദനിപ്പിച്ചു”; ദീപക് ദേവ്

','

' ); } ?>

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വിയോഗത്തിന് പിന്നാലെ തുടരും ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സംഗീത സംവിധായകൻ ദീപക് ദേവ്. ‘ജോണി വാക്കർ’ എന്ന ചിത്രത്തിന് വേണ്ടി വെങ്കിടേഷ് ഒരുക്കിയ ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനം തുടരുമിൽ പുനഃരുപയോഗിക്കുന്നതായി എസ്‌പിവിയെ അറിയിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ദീപകിന്റെ വിമർശനം.

“എസ്. പി. വെങ്കിടേഷ് സാറിന്റെ വിയോഗവാർത്ത അറിഞ്ഞ ഈ ദിനത്തിൽ, സംവിധായകൻ ജയരാജ് സാറിന്റെ അഭിമുഖത്തിലൂടെ വെങ്കിടേഷ് സാർ അനുഭവിച്ച ഒരു വേദനയെക്കുറിച്ച് മനസിലാക്കേണ്ടി വന്നത് അങ്ങേയറ്റം ഹൃദയഭേദകമാണ്. തന്റെ അനുവാദമോ അറിവോ പോലുമില്ലാതെ ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനം മറ്റൊരു പ്രോജക്ടിൽ പുനരുപയോഗിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു അതേ ഇൻഡസ്ട്രിയിൽ, ആ ഗാനം സൃഷ്ടിച്ച വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ, അദ്ദേഹത്തെ കേവലം ഒരു കാഴ്ചക്കാരനാക്കി മാറ്റിക്കൊണ്ട് അതേ പാട്ട് ഉപയോഗിക്കുക എന്നതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്.” ദീപക് ദേവ് കുറിച്ചു.

“റെക്കോർഡ് ലേബലുകൾ നിയമവശങ്ങൾ നിരത്തി സംസാരിച്ചേക്കാം, സ്വന്തം സൃഷ്ടിയിൽ സംഗീതസംവിധായകന് അവകാശമില്ലെന്ന് വാദിച്ചേക്കാം. പക്ഷേ, നമുക്ക് കരാറുകൾ ഒരു നിമിഷം മാറ്റിവയ്ക്കാം. സ്രഷ്ടാവിനെ ഒന്ന് അറിയിക്കാനുള്ള സാമാന്യ മര്യാദ എവിടെ പോയി? ആ സംഗീതത്തിന് ജന്മം നൽകിയ മനസിനോടുള്ള ബഹുമാനം എവിടെ?

ഇത് മറ്റൊരു പ്രഗത്ഭ സംഗീതസംവിധായകൻ ഒരിക്കൽ പറഞ്ഞ നോവിക്കുന്ന വാക്കുകളിലേക്ക് നമ്മളെ എത്തിക്കുന്നു – അധികാരം സർഗാത്മകതയില്ലാത്ത ആളുകളുടെ കൈകളിലേക്ക് മാറിയെന്നും, അതുകൊണ്ടുതന്നെ സംഗീതസംവിധായകർക്ക് ഒരിക്കൽ ലഭിച്ചിരുന്ന ബഹുമാനം പതുക്കെ നഷ്ടപ്പെട്ടു തുടങ്ങിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ആ സത്യം അവഗണിക്കാൻ കഴിയാത്ത ഒന്നായിരിക്കുന്നു.” ദീപക് ദേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം, ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു എസ്.പി. വെങ്കിടേഷിന്റെ നിര്യാണം. രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1981ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.