
തിരുവനന്തപുരം വെള്ളായണിയിൽ രണ്ടര കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകൻ അനീഷ് അലിയെ എക്സൈസ് സംഘം പിടികൂടി. നേമം സ്വദേശിയായ അനീഷിനെ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
അനീഷ് നാല് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ളയാളാണ്. നിലവിൽ ‘ഗോഡ്സ് ട്രാവൽ’ എന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുകയാണ്, ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ്. കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടിയായിരുന്നു എത്തിച്ചതെന്ന് അനീഷ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചു. സിനിമാ മേഖലയിലേയ്ക്കും കഞ്ചാവ് വിതരണം ചെയ്യാനായിരുന്നു ശ്രമം.
അസമിൽ നിന്ന് നേരിട്ട് കഞ്ചാവ് എത്തിച്ചെന്നതിനു തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.