“ബ്രാഹ്മണ ആചാരങ്ങളുടെ അതിപ്രസരം, ജെന്‍സിയായാലും, പ്രേതം ആയാലും ‘നല്ല പെണ്‍കുട്ടി’ ഇമേജ്”; സർവം മായക്കെതിരെ വിമർശനം

','

' ); } ?>

നിവിൻ പോളി ചിത്രം “സർവം മായയിൽ” ബ്രാഹ്മണ ആചാരങ്ങളുടെ അതിപ്രസരമാണെന്ന് വിമർശിച്ച് മാളവിക ബിന്നി. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ അവിഭാജ്യഘടകമായ സവര്‍ണ എലൈറ്റ് ക്രിസ്ത്യന്‍-സവര്‍ണ എലൈറ്റ് ഹിന്ദു ബന്ധത്തെ മാറിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ വീണ്ടും അവതരിപ്പിക്കുകയാണ് സിനിമയെന്നും, ഫീല്‍ ഗുഡ് ബ്രാഹ്മണിസം എന്നൊന്നില്ല, ബ്രാഹ്മണിസം മാത്രമേയുള്ളൂവെന്നും മാളവിക പറഞ്ഞു. കൂടാതെ സവര്‍ണ സൗന്ദര്യബോധത്തില്‍ നിന്നുകൊണ്ട്, സ്ത്രീവിരുദ്ധ വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ കുപ്രസിദ്ധി നേടിയയാളാണ് സത്യന്‍ അന്തിക്കാടെന്നും, മകനും ഇപ്പോൾ അതെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മാളവിക കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാളവികയുടെ വിമർശനം.

“ബ്രാഹ്മണ ആചാരങ്ങളുടെ അതിപ്രസരമാണ് സിനിമയിലൂടനീളം. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ അവിഭാജ്യഘടകമായ സവര്‍ണ എലൈറ്റ് ക്രിസ്ത്യന്‍-സവര്‍ണ എലൈറ്റ് ഹിന്ദു ബന്ധത്തെ മാറിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ വീണ്ടും അവതരിപ്പിക്കുകയാണ് സിനിമ. അച്ഛനേയും മകനേയും ഒരുമിപ്പിക്കുകയും വിശ്വാസിയല്ലാതിരുന്ന മകനെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ക്രിസ്ത്യന്‍ പ്രേതം സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ‘നല്ല പെണ്‍കുട്ടി’ ഇമേജിനെ ഓര്‍മപ്പെടുത്തുന്നു. ജെന്‍സിയായാലും, പ്രേതം ആയാലും സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്.” മാളവിക കുറിച്ചു.

“സവര്‍ണ സൗന്ദര്യബോധത്തില്‍ നിന്നുകൊണ്ട്, സ്ത്രീവിരുദ്ധ വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ കുപ്രസിദ്ധി നേടിയയാളാണ് സത്യന്‍ അന്തിക്കാട്. അതിന് പലപ്പോഴും പഴി കേട്ടത് ജയറാം ആയിരുന്നു. അതേ പാതയിലൂടെയാണ് അഖില്‍ സത്യനും സഞ്ചരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വെജിറ്റേറിയന്‍ ബിരിയാണി എന്നൊന്നില്ല, പുലാവ് മാത്രമേയുള്ളൂ. അതുപോലെ ഫീല്‍ ഗുഡ് ബ്രാഹ്മണിസം എന്നൊന്നില്ല, ബ്രാഹ്മണിസം മാത്രമേയുള്ളൂ.” മാളവിക കൂട്ടിച്ചേർത്തു.

അതേ സമയം പത്തു ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. പരീക്ഷണങ്ങള്‍ക്ക് പിന്നാലെ പോയും മോശം തിരക്കഥകളും മൂലം തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വന്ന താരമാണ് നിവിന്‍ പോളി. ഒരുകാലത്ത് ബോക്‌സ് ഓഫീസില്‍ നിവിന് വട്ടം വെക്കാന്‍ ആരുമുണ്ടായിരുന്നില്ല. സാക്ഷാല്‍ മോഹന്‍ലാലിനെ പോലും പലവട്ടം നിവിന്‍ ക്ലാഷില്‍ പിന്നിലാക്കിയിട്ടുണ്ട്. അഖിൽ സത്യൻ ഒരുക്കിയ ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് സർവ്വം മായ. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്.