
അമേരിക്കൻ വിപണിയിൽ മികച്ച തുടക്കം സ്വന്തമാക്കി രജനികാന്ത്–ലോകേഷ് കനകരാജ് ചിത്രം ‘കൂലി’ . റിലീസിന് 20 ദിവസം മാത്രം ബാക്കി നിൽക്കെ, നോർത്ത് അമേരിക്കയിൽ മാത്രം 180 കേന്ദ്രങ്ങളിൽ നിന്നായി 10,500 ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. 435ന് മുകളിലുള്ള ഷോകൾക്കായാണ് ഇത്രയും ബുക്കിങ്ങുകൾ ലഭിച്ചത്.
തമിഴ് പതിപ്പിനൊപ്പം തെലുഗ് പതിപ്പും മികച്ച പ്രീ ബുക്കിങ് നേടിയിട്ടുണ്ട്. നിലവിലുള്ള ഹൈപ്പിന്റെ അടിസ്ഥാനത്തിൽ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായി ‘കൂലി’ മാറാനാണ് സാധ്യത.
അടുത്തമാസം 14-നാണ് കൂലിയുടെ ആഗോള തല റിലീസ്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശം സ്വന്തമാക്കിയതിലൂടെ ‘കൂലി’ ഇതിനകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആമിർ ഖാന്റെ കാമിയോ റോളും ഉണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫിലോമിൻ രാജാണ് നിർവഹിക്കുന്നത്.