
എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ നടൻ ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ വിവാദം മുറുകിയ സാഹചര്യത്തിൽ പരിപാടിയിൽ നിന്ന് പിന്മാറി ദിലീപ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കുപ്പൺ വിതരണത്തിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ദിലീപ് സ്വയം പിന്മാറുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശകസമിതിയുടെ വിശദീകരണം.
ദിലീപിന്റെ ചിത്രമടക്കമുള്ള നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നത്. ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ശേഷമാണ് പരിപാടിയിലേയ്ക്ക് ക്ഷണിച്ചതെന്ന് ക്ഷേത്രോപദേശകസമിതി പറയുന്നു. പതിവായി ദർശനത്തിന് എത്തുന്ന വ്യക്‌തി എന്ന നിലയിലാണ് ദിലീപിനെ പരിഗണിച്ചതെന്നും ഇവർ പറഞ്ഞു. ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്റ് പ്രതികരിച്ചു. ചൊവ്വാഴ്‌ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടർന്ന് മാറ്റിയത്.
ജനുവരി 23-നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. അതേസമയം പരിപാടി ബുധനാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.