ബലാത്സംഗക്കേസിൽ വേടന്റെ മുൻകൂർജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി

','

' ); } ?>

ബലാത്സംഗക്കേസിൽ റാപ്പ് ഗായകൻ വേടന്റെ (ഹിരൺദാസ് മുരളി) മുൻകൂർജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി. വിവാഹവാഗ്ദാനംനൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത കേസിലെ പരാതിക്കാരിയാണ് ജാമ്യ ഹർജിയെ എതിർത്തത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.

വേടനെതിരേ മറ്റു രണ്ടുപേർകൂടി പരാതി നൽകിയിട്ടുണ്ടെന്നും വേടൻ സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. കൂടാതെ താത്‌പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും നിർബന്ധപൂർവം ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

എന്നാൽ ഓരോ കേസും അതിലെ വസ്തുതകൾ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയോട് നിർദേശിച്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.

ഡോക്ടറായ യുവതിയാണ്  പരാതിക്കാരി. കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ഉണ്ടായതിനെത്തുടർന്ന് വിവിധ താമസസ്ഥലങ്ങളില്‍ 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ പീഡനമുണ്ടായെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും, സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തും. യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ പരാതിക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ 2019ൽ പി.ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോൺ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് വേടൻ അറിയിച്ചു. 2021 ആഗസ്റ്റിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയ വേടൻ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടർന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവർത്തിച്ച വേടൻ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്ലാറ്റിലെത്തി ദിവസങ്ങൾ താമസിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിൻ ടിക്കറ്റ് എടുത്തു നൽകാൻ 8,356 രൂപയും ചെലവഴിച്ചു.

വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താൻ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോർട്ട് കാണുകയും, വേടൻ തൻ്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്‌തതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ വേടനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതി വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം. അങ്ങനെ സംഭവിച്ചാൽ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമായത് കൊണ്ടാണ് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെയാണ് ലുക്ക്ഔട്ട് സർക്കുലർ കൈമാറിയത്. കേസിൽ വേടന്റെ സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുക്കുകയെന്നതാണ് അടുത്ത ഘട്ടം.

ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു. വേടൻ പെൺകുട്ടിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.