
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെതിരെ വീണ്ടും പരാതിയുമായി സഹനിര്‍മാതാവ് സിറാജ് വലിയ തുറ. മുടക്ക് മുതലിന് പുറമേ 40 % ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സൗബിന്‍ പണം വാങ്ങിയതെന്നും, മുടക്കു മുതലില്‍ മാത്രം 50 ലക്ഷം രൂപയോളം തനിക്ക് ലഭിക്കാനുണ്ടെന്നുമാണ് സിറാജിന്റെ ആരോപണം. സൗബിനെതിരെ പരമാവധിതെളിവുകള്‍ പൊലീസിന് കൈമാറിയതായും സിറാജ് വ്യക്തമാക്കി.
‘വലിയ ചതിയാണ് ചെയ്തത്. എന്റെ പണം ഉപയോഗിച്ചാണ് അവർ സിനിമ എടുത്തത്. അവരുടെ ഒരു പണവും ഇതിനായി ഉപയോഗിച്ചിട്ടില്ല. എന്റെ മുടക്ക് മുതല്‍ പോലും 50 ലക്ഷം ലഭിക്കാനുണ്ട്. ലാഭ വിഹിതം പോലും തന്നിട്ടില്ല. ആദ്യം എന്നെ സമീപിച്ച സമയത്ത് തുല്യമായി പണം മുടക്കാമെന്നായിരുന്നു പറഞ്ഞത്. അതനുസരിച്ച് 50 % ഷെയര്‍ എനിക്കും 50 % ഷെയര്‍ അവര്‍ക്കും എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് മാറ്റി. 40 % ഷെയര്‍ എന്ന നിലയിലാണ് എഗ്രിമെന്റും കാര്യങ്ങളും എഴുതിയത്. 100 ശതമാനവും ചതിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് അവര്‍ എന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുള്ളത്,’ സിറാജ് വലിയതുറ പറഞ്ഞു.
കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണ ചുമതല കൊച്ചി സിറ്റി ഡിസിപി (അഡ്മിനിസ്‌ട്രേഷൻ ആൻഡ് ക്രൈംസ്) വിനോദ് പിള്ളയ്ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് വീണ്ടും ആരോപണവുമായി സിറാജ് എത്തിയിരിക്കുന്നത്.കേസിൽ ക്രമക്കേട് നടന്നതായി പറയുന്ന തുകയുടെ വ്യാപ്തിയും, അന്വേഷണത്തിലെ വിശ്വാസ്യതയ്ക്കെതിരേ പരാതിക്കാരന്റെ അഭിഭാഷകൻ നിയമനടപടി സ്വീകരിച്ചതും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. മരട് പോലീസ് അന്വഷിച്ചിരുന്ന കേസാണ് ഡിസിപിക്ക് കൈമാറിയത്. സംഘത്തിൽ മുൻപ് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന എസിപി പി. രാജ്കുമാർ, എസിപി ലത്തീഫ് എന്നിവരും ഉണ്ടാകും.
കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സിറാജ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെ എന്നായിരുന്നു സിറാജിന്റെ പരാതി.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ “പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയെന്നും എന്നാൽ ചിത്രത്തിന്റെ ലാഭ വിഹിതം മാത്രമാണ് നൽകാൻ ഉള്ളതെന്നും” നടൻ സൗബിൻ ഷാഹിർ മൊഴി നൽകിയിരുന്നു. കൂടാതെ ലാഭം വിഹിതം നൽകാൻ താൻ പണം കണ്ടു വെച്ചിട്ടുണ്ടെന്നും അത് നൽകാൻ ഇരിക്കെ ആണ് പരാതി നൽകിയതെന്നും സൗബിൻ പ്രതികരിച്ചിരുന്നു.