
ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം “നരിവേട്ട”ക്കെതിരെ രൂക്ഷ വിമർശനവുമായി സി കെ ജാനു. ചിത്രം പുതിയ തലമുറയ്ക്ക് മുൻപിൽ മുത്തങ്ങ സമരത്തിന്റെ യാഥാർത്ഥ്യത്തെ അട്ടിമറിച്ചുവെന്ന് ജാനു പറഞ്ഞു. കൂടാതെ ആത്മാർത്ഥതയോടെ സിനിമയെടുക്കാനുള്ള ധൈര്യമില്ലെങ്കിൽ അതിന് നിൽക്കരുതെന്നും ജാനു അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ.
“അടുത്തകാലത്താണ് നരിവേട്ട എന്ന സിനിമ കാണാൻ കഴിഞ്ഞത്. ആത്മാർത്ഥതയോടെ സിനിമയെടുക്കാനുള്ള ധൈര്യമില്ലെങ്കിൽ അതിന് നിൽക്കരുത്. ചിത്രം പുതിയ തലമുറയ്ക്ക് മുൻപിൽ മുത്തങ്ങ സമരത്തിന്റെ യാഥാർത്ഥ്യത്തെ അട്ടിമറിക്കുക മാത്രമല്ല നരനായാട്ട് നടത്തിയ പൊലീസിനെ വെള്ളപൂശാനും ശ്രമിച്ചിട്ടുണ്ട്. ആദിവാസി സമരത്തെ വളച്ചൊടിച്ചാലും ആരും ചോദിക്കാൻ ഇല്ലെന്ന മനോഭാവമാണ് സിനിമയെടുത്തവർക്ക്”.സി കെ ജാനു പറഞ്ഞു.
അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായെത്തിയ ചിത്രമാണ് ‘നരിവേട്ട’. സുരാജ് വെഞ്ഞാറമൂട്, തമിഴ് നടൻ ചേരൻ എന്നിവർ ചിത്രത്തിൽ പ്രാധാനപെട്ട കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ചേരന്റെ ആദ്യത്തെ മലയാളം സിനിമ കൂടിയാണിത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.