തങ്ങളുടെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീ നടന്‍മാരെ തേടി സംവിധായകരും, നിര്‍മ്മാതാക്കളും നിരന്തരം അലയുന്ന അവസരത്തിലാണ് കൊച്ചിയില്‍ സിനി സ്‌പേസ് സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഒരു അവസരത്തിനായി അരങ്ങിലും അണിയറയിലും അലയുന്ന അഭിനേതാക്കള്‍ക്ക് വെള്ളിത്തിരയിലേക്കുള്ള വാതായനം തുറക്കുകയാണ് സിനി സ്‌പേസ്.
മലയാള സിനിമയില്‍ ആദ്യമായി പ്രഗത്ഭരമായ കാസ്റ്റിംഗ് ഡയറക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു സിനിമ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുന്ന സംരംഭമാണ് സിനി സ്‌പേസ് കാസ്റ്റിംഗ് ഹബ്ബ്. ഇത് കൂടാതെ സ്റ്റില്‍, മൂവി ഷൂട്ടുകള്‍ക്ക് വേണ്ടി ഫുള്‍ എയര്‍ കണ്ടീഷനന്‍ ചെയ്ത ഷൂട്ടിംഗ് ഫ്‌ളോര്‍,മെയ്ക്ക് അപ്പ് റൂം, കോസ്റ്റിയൂം റൂം, വി.ഐ.പി ലോഞ്ച്, പവര്‍ഫുള്‍ ജനറേറ്റര്‍ എന്നിവയും സിനി സ്‌പേസ് സ്റ്റുഡിയോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റില്‍ ഫോട്ടോഗ്രാഫിയ്ക്ക് ആവശ്യമായ ലൈറ്റുകള്‍, സ്റ്റാന്റുകള്‍, വിവിധങ്ങളായ ബാക്ക് ഡ്രോപ്പുകള്‍ എന്നിവയെല്ലാം ഷൂട്ടിംഗ് ഫ്‌ളോറില്‍ ലഭ്യമാണ്.
സിനി സ്‌പേസ് സ്റ്റുഡിയോയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകന്‍ നിര്‍വ്വഹിച്ചു. കൂടാതെ താരങ്ങളായ അഞ്ജലി നായര്‍, ആദില്‍ ഇബ്രാഹിം, അഞ്ജന അപ്പുക്കുട്ടന്‍, നിര്‍മ്മാതാവ് കാള്‍ട്ടന്‍ കരുണാകരന്‍ തുടങ്ങീ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മലയാള സിനിമയില്‍ ഒരുപാട് കാലമായി പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായി ഗിരീഷ് കൊടുങ്ങല്ലൂരാണ് സിനി സ്‌പേസ് സ്റ്റുഡിയോയുടെ അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നത്.
കൊച്ചി പാലാരിവട്ടത്ത് പൊരിയപാടം ലിങ്ക് റോഡില്‍ ഗ്രീന്‍ എര്‍ത്ത് ബില്‍ഡിംഗിലാണ് സിനി സ്‌പേസ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.