ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു

','

' ); } ?>

റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘ഗാന്ധി’യിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ പുരസ്കാരം നേടിയ ഛായാഗ്രാഹകൻ ബില്ലി വില്യംസ് (96) അന്തരിച്ചു. വോയേജ് ഓഫ് ദി ഡാംഡ്, റെയിൻബോ, ദ് വിൻഡ് ആൻഡ് ദി ലയൺ തുടങ്ങിയവയാണ് ഛായാ​ഗ്രഹണം നിർവഹിച്ച മറ്റുപ്രധാന ചിത്രങ്ങൾ.

1929ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി ജനിച്ചത്. ചിത്രകാരനും ഛായാഗ്രാഹകനായിരുന്ന പിതാവാണ് ബില്ലിയെ ചലച്ചിത്ര മേഖലയിലേക്കു കൊണ്ടുവരുന്നത്. 14ാം വയസ്സിൽ ബില്ലി ഛായാഗ്രഹണ സഹായിയായി അച്ഛനൊപ്പം കൂടി. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ് ഗതാഗത മന്ത്രാലയത്തിന് വേണ്ടി ഡോക്യുമെന്ററികൾ തയാറാക്കാൻ തുടങ്ങി. അവിടെ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്.

1965-ലെ കോമഡി ചിത്രമായ സാൻ ഫെറി ആൻ ആയിരുന്നു വില്യംസിന്റെ കരിയറിൽ വഴിത്തിരിവായത്. കെൻ റസ്സൽ സംവിധാനംചെയ്ത വുമൺ ഇൻ ലവ് (1969) എന്ന ചിത്രത്തിലൂടെ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആദ്യ ഓസ്കർ നോമിനേഷൻ ലഭിക്കുന്നതും ഈ സിിമയിലൂടെയാണ്. 1981ൽ റിലീസ് ചെയ്ത ഗോൾഡൻ പോണ്ടിലൂടെ രണ്ടാമത്തെ ഓസ്കർ നോമിനേഷൻ ലഭിച്ചു. ഷാഡോ ഓഫ് ദ് വൂൾഫ് (1992) ആണ് അവസാനമായി ചെയ്ത സിനിമ.

നിരവധി ബാഫ്റ്റ നാമനിർദേശങ്ങളും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങളും ബില്ലി വില്യംസിനെ തേടിയെത്തി. 1996ൽ സിനിമയിൽ നിന്നും വിരമിച്ച ബില്ലി സിനിമയുമായി ബന്ധപ്പെട്ട വർക്‌ഷോപ്പുകൾ നടത്തിയിരുന്നു. 2009-ൽ ഓഫിസർ ഓഫ് ദ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ ആയി നിയമിക്കപ്പെട്ടു.