കെ. എസ്. ചിത്രയുടെ മധുരശബ്ദത്തില്‍ തിരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഒരു ഔദ്യോഗിക തിരഞ്ഞെടുപ്പ് ഗീതം ഒരുക്കിയത്. ഗാനത്തിന്റെ ഡി വി ഡി പ്രകാശനം വി. ജെ. ടി ഹാളില്‍ നടന്നു. ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവത്തില്‍ നിന്ന് ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാര്‍ ഡി വി ഡി ഏറ്റുവാങ്ങി.
മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് തെരഞ്ഞെടുപ്പ് ഗീതം എന്ന ആശയം. ഐ. എം. ജി ഡയറക്ടറും മുന്‍ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ മനോഹരമായ വരികളിലൂടെ ഇതിനു സാക്ഷാത്കാരം നല്‍കി. മാത്യു ടി. ഇട്ടിയാണ് സംഗീതം പകര്‍ന്നത്.
”ഭാരത ഭാഗ്യവിധാതാക്കള്‍ നാം….” എന്നാരംഭിക്കുന്ന ഗാനം രണ്ടു മാസത്തെ പ്രയത്നത്തിലാണ് യാഥാര്‍ത്ഥ്യമായത്. വോട്ടു ചെയ്യാന്‍ തയ്യാറെടുക്കൂ, വോട്ടര്‍ എന്നതില്‍ അഭിമാനിക്കൂ തുടങ്ങിയ സന്ദേശങ്ങളാണ് നാലു മിനിറ്റുള്ള ഗാനം മുന്നോട്ടു വയ്ക്കുന്നത്. സാംസ്‌കാരിക, സാമൂഹ്യ, ദേശഭക്തി ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം ഒരുക്കിയതെന്ന് ടിക്കാറാം മീണ പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഐക്കണുകളായി നിശ്ചയിച്ചിട്ടുള്ള കെ. എസ്. ചിത്രയെയും ഇ. ശ്രീധരനെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സ്വീപിന്റെ ഭാഗമായുള്ള വിവിധ പോസ്റ്ററുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്തു.