
‘ഒരു ദൈവം തന്ത പൂവേ’എന്ന ഗാനം പാടാൻ ബോർഡ് എക്സാം പോലും മാറ്റിവെക്കാൻ താൻ തയ്യാറായിരുന്നെന്ന് തുറന്നു പറഞ്ഞ് ഗായിക ചിന്മയി ശ്രീപദ. ആ ഗാനം ആലപിക്കുമ്പോൾ 17 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ആ പാട്ടിന്റെ ഇമോഷൻ ഇത്ര ഹെവി ആണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ചിന്മയി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിന്മയി.
‘ഞാൻ അന്ന് ബോർഡ് എക്സാം എഴുതുകയായിരുന്നു. അപ്പോഴാണ് ഈ പാട്ട് പാടാൻ വേണ്ടി എ ആർ റഹ്‌മാന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നത്. ഞാൻ അടുത്ത വർഷം ബോർഡ് എക്സാം എഴുതാം ഇപ്പോൾ പാടാൻ പോകാം എന്ന രീതിയിലായിരുന്നു ഞാൻ. പക്ഷെ അദ്ദേഹം അപ്പോൾ പറഞ്ഞു പത്ത് ദിവസം കഴിഞ്ഞിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ ഈ പാട്ട് കയ്യിൽ നിന്ന് പോയെന്നാണ് കരുതിയത്. പക്ഷെ ഞാൻ തന്നെ പാടി.’ ചിന്മയി പറഞ്ഞു.
എന്താണ് പാടുന്നത് ഏത് ടൈപ്പ് ആണ് എന്നൊന്നും എന്നോട് ആരും പറഞ്ഞിരുന്നില്ല. ആ പാട്ടിന്റെ ഇമോഷൻ ഇത്ര ഹെവി ആണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
ഈ പാട്ട് പാടിയത് നല്ല പ്രായമുള്ള ഒരാൾ ആണ് എന്നാണ് ആളുകൾ അന്ന് കരുതിയത്. ഈ അടുത്ത് എസ് ജെ സൂര്യ കണ്ടപ്പോൾ പറഞ്ഞിരുന്നു. അന്ന് 35 വയസ് ഉള്ള ഒരാളാണ് ഈ പാട്ട് പാടിയതെ എന്നാണ് ഞാൻ കരുതിയത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദൈവം തന്ത പൂവേ എന്ന ഗാനം പാടുമ്പോൾ എനിക്ക് 17 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് കേട്ടപ്പോൾ കുറച്ച് നേരത്തേക്ക് അദ്ദേഹം ഞെട്ടി തരിച്ച് ഇരുന്നു; ചിന്മയി പറഞ്ഞു.
കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ആരാധകരുടെ മനസിലേക്ക് ചേക്കേറിയ ഗായികയാണ് ചിന്മയി ശ്രീപദ. തമിഴിൽ കരിയർ ആരംഭിച്ച ചിന്മയി ഏഴ് ഭാഷകളിലായി 500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.