
തന്റെ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഷണി സന്ദേശങ്ങൾ ലഭിച്ചെന്ന് തുറന്നു പറഞ്ഞ് നടിയും ഗായികയുമായ ചിന്മയി. തന്‍റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമായി പ്രചരിപ്പിക്കുന്നുണ്ടെന്നും, പുരുഷന്മാർ അവർക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാങ്കേതികവിദ്യയുടെ കൂട്ടുപിടിക്കുകയാണെന്നും ചിന്മയി പറഞ്ഞു. കുറച്ച് ദിവസം മുൻപ് ചിന്മയിയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവുമായ രാഹുൽ രവീന്ദ്രൻ താലി (മംഗൾസൂത്ര) ധരിക്കുന്നതിനെ കുറിച്ച് ഒരു പരാമർശം നടത്തിയതിന് പിന്നാലെയാണ് നിലവിലെ ഓണ്‍ലൈൻ ആക്രമണമെന്നും ചിന്മയി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“അവർക്ക് ഇഷ്ടമില്ലാത്ത, എന്നെപ്പോലെയുള്ള സ്ത്രീകൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകരുത് എന്നാണ് ആ ആൺകൂട്ടങ്ങൾ പറയുന്നത്. എങ്ങാനും കുട്ടികളുണ്ടായാൽ ആ കുട്ടികൾ മരിക്കണം എന്നാണ് ചിലർ ട്വിറ്ററിൽ എഴുതിയിരിക്കുന്നത്. ഇത് കണ്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നു മറ്റു ചിലർ. ചില പോസ്റ്റുകൾക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.” ചിന്മയി പറഞ്ഞു.
“ഇന്ന് കണ്ട ഒരു പോസ്റ്റിൽ തന്‍റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുന്നതാണ് കണ്ടത്. സ്ത്രീകൾ സൈബറിടങ്ങളിൽ എന്താണ് നേരിടേണ്ടി വരുന്നതെന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റിടുന്നത്. പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ പുറത്താക്കാനാണ് ഇതുപോലുള്ള പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നത്. പുരുഷന്മാർ അവർക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാങ്കേതികവിദ്യയുടെ കൂട്ടുപിടിക്കുകയാണ്. മുൻപ് വേശ്യകൾ എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇന്നത് മോർഫ് ചെയ്യുന്നതിലേക്ക് മാറിയിട്ടുണ്ട്. ലോണ്‍ ആപ്പുകളില്‍ നിന്നും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായതായി അറിഞ്ഞു. ഇതൊന്നും കണ്ട് ഭയക്കരുത്. ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നവര്‍ക്ക് നല്ല സ്ത്രീ സുഹൃത്തുക്കൾ ഉണ്ടാവില്ല. നിരാശയാണ് അവരെ ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്.” ചിന്മയി കൂട്ടിച്ചേർത്തു.