സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, അഞ്ചു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം

','

' ); } ?>

ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ചലച്ചിത്ര പ്രവർത്തകയെ കടന്നുപിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്‌ത സംഭവത്തിൽ കൻ്റോൺമെൻ്റ് പോലീസാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകളിൽ അഞ്ചു വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽവെച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തുനിന്ന് പരാതിക്കാരി നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 20-ന് കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് കുഞ്ഞു മുഹമ്മദിനെതിരെ പരാതി നല്‍കിയത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിട്ടുണ്ടായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.