ദുല്‍ഖർ സല്‍മാനെ നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കുമെന്നും അത് അയാൾ ചെയ്തു വച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണെന്നും പ്രശംസിച്ച് നടൻ ചന്തു സലിം കുമാർ. കൂടാതെ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങള്‍ ആയിരുന്നിട്ടുകൂടി തിയേറ്ററില്‍ പിടിച്ചിരുത്തുന്ന കഥകളാണ് തന്നെ സംബന്ധിച്ചിടത്തോളം മികച്ച തിരക്കഥയെന്നും ‘കാന്ത’ അത്തരത്തിലൊന്നാണെന്നും ചന്തു കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ ചിത്രത്തിലെ താരങ്ങളെ പേരെടുത്ത് പ്രശംസിച്ചായിരുന്നു ചന്തുവിന്റെ കുറിപ്പ്.
“എൻ്റെ ബെസ്‌റ്റി. നടിപ്പ് ചക്രവർത്തി എന്ന് തന്നെ നിങ്ങളെ വിളിക്കും. അത് അയാൾ ചെയ്തു വച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ ടികെഎം’, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത. നമ്മൾ എപ്പോഴും ഓർമിപ്പിക്കാറുള്ളത് പോലെ -അവർ വെറുക്കും, നമ്മൾ ഉയരും. കൃത്യമായി അതുതന്നെ നമ്മൾ തുടർന്നും ചെയ്തുകൊണ്ടിരിക്കും.” ചന്തു കുറിച്ചു.
“നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തിയറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരകകഥകളാണ് എന്നെ സംബന്ധിച്ചിടത്തോളം മികച്ച തിരക്കഥകൾ. കാന്ത’ അത്തരത്തിലൊരു തിരക്കഥയാണ്, സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്. ജെയ്‌സ് ബിജോയ്, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്. സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാപാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു ക്യാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്‌തിരിക്കുന്നത്. റാണ, ചുമ്മാ സ്ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്‌തു.” ചന്തു കൂട്ടിച്ചേർത്തു.