കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി തിയേറ്ററിലെത്തിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം സി.ബി.ഐ അന്വേഷണം നടക്കുന്നു, വിലക്ക് തീര്‍ന്ന് വിനയന്‍ തിരിച്ചെത്തുന്നു തുടങ്ങീ ഒരുപാട് പ്രത്യേകതകളുള്ള സിനിമ എന്ന നിലയില്‍ പ്രേക്ഷകരും പ്രതീക്ഷയോടെ തന്നെയാണ് സിനിമയെ കാത്തിരുന്നത്. പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയ വിനയന്‍ ചിത്രങ്ങളുടെ പട്ടികയിലേക്ക് എടുത്ത് വെയ്ക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കാഴ്ച്ചക്കാരുടെ മനസ്സിലെ വൈകാരിക തലങ്ങളെ തൊട്ടുതലോടുന്നതിനൊപ്പം കലാഭവന്‍ മണിയുടെ മരണം മനസ്സില്‍ ഒരു നോവായി അടയാളപ്പെടുത്തിയിട്ടാണ് ചിത്രം അവസാനിക്കുന്നത്.
സിനിമയുടെ കലാപരമായ ആസ്വാദന നിലവാരത്തേക്കാള്‍ തിരക്കഥയിലെ ഉള്ളടക്കം ബാക്കിവെച്ച വിവാദങ്ങളുടെ പേരില്‍ കൂടെയാകും സിനിമ അറിയപ്പെടുക. പ്രേക്ഷകര്‍ക്ക് അറിയാവുന്ന കലാഭവന്‍ മണിയുടെ ദുരിതം നിറഞ്ഞ കുട്ടിക്കാലവും, ആദ്യ സിനിമാഭിനയവും നിരാശയും, കലാഭവനിലെ ജീവിതവുമെല്ലാമായി സിനിമയുടെ ആദ്യ പകുതി കടന്ന് പോകുന്നു. മണി പറഞ്ഞും പ്രേക്ഷകര്‍ അറിഞ്ഞുമുള്ള മണിയെ നവാഗതനായ രാജാമണി നന്നായി തന്നെ അവതരിപ്പിച്ചു. ജീവിതത്തിലേയും വെള്ളിത്തിരയിലേയും ദളിത് അവഗണനയും, നിറത്തിന്റെ പേരിലുള്ള ഒറ്റപ്പെടുത്തലുമെല്ലാം അതിന്റെ വൈകാരികത തീവ്രതയില്‍ തന്നെ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
മണിയുടെ ജീവിത കഥയെന്ന് പറയുന്ന ചിത്രം അല്‍പ്പം കൂടെ കടന്ന് അത് വിനയന്റെ കഥ കൂടെയായി പരിണമിക്കുന്നതാണ് രണ്ടാംപകുതി കാണാനാകുന്നത്, വെള്ളിത്തിരയിലെ താരാധിപത്യം, മാഫിയാവത്കരണം തുടങ്ങീ വിനയന്‍ തന്നെ പലതവണയായി പറഞ്ഞ വിഷയങ്ങളുടെ പച്ചയായ ആവിഷ്‌കാരമായി സിനിമ പിന്നീട് മാറുന്നു. പ്രേക്ഷകര്‍ക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലാണ് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പെന്നത് പോലും സംവിധായകന്റെ ഉദ്ദേശ്യമെന്തെന്ന് വിളിച്ച് പറയുന്നുണ്ട്. അതേ സമയം മണിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ആഴത്തില്‍ പോകാതെ പാടിയെ ചുറ്റിപ്പറ്റിയും, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലെ എന്തെല്ലാമോ പുകമറകളിലും ഒതുക്കിനിര്‍ത്താനുള്ള അടക്കവും സംവിധായകന്‍ കാണിക്കുന്നുണ്ട്. തുടര്‍ച്ചയായ മദ്യപാനവവും രോഗവും മൂലം അവശനായ മണിയുടെ മരണത്തിനിടയാക്കുന്ന രംഗങ്ങളുള്‍പ്പെടെ എന്തെന്ത് വിവാദങ്ങളുണ്ടാക്കുമെന്നാണ് ഇനി അറിയാനുള്ളത്.
വൈകാരികതലത്തില്‍ നോക്കിയായല്‍ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാവുന്ന നല്ല വിനയന്‍ ചിത്രം തന്നെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. എന്നാല്‍ സംവിധായകന്റെ വ്യാഖ്യാനങ്ങളിലെ ശരിയും, തെറ്റിനുമൊപ്പം മണിയുടെ ജീവിതവും ചേര്‍ത്തുള്ള വിലയിരുത്തലില്‍ സിനിമയെ കുറിച്ച് എതിരഭിപ്രായമുള്ളവരുമുണ്ടാകും.