ആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത്; രാജ്യതാത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് റസൂൽ പൂക്കുട്ടി

','

' ); } ?>

രാജ്യാന്തര ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പുറമെ 6 ചിത്രങ്ങൾക്ക് കൂടി കേന്ദ്രം വിലക്കേർപ്പെടുത്തിയതിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമിതന്നെ ഉപേക്ഷിച്ചതാണെന്നും, രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചത് കൊണ്ടാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ലച്ചിത്രമേള അവസാനിക്കുന്നതിന്റെ തലേദിവസം ഐഎഫ്എഫ്കെയിലെത്തിയ റസൂൽ പൂക്കുട്ടി വ്യാഴാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

“രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചത് കൊണ്ട് ആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമിതന്നെയാണ് ഉപേക്ഷിച്ചത്. കേന്ദ്രസർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ, രാജ്യതാത്പര്യം കണക്കിലെടുത്താണ് അക്കാദമി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വിലക്കിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞുവെച്ച 19 ചിത്രങ്ങളിൽ ഈ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങൾക്ക് ഒറ്റ രാത്രികൊണ്ട് കേന്ദ്രം പ്രദർശനാനുമതി നൽകിയത്.” റസൂൽ പൂക്കുട്ടി പറഞ്ഞു.

“മേളയിൽ എന്റെ ഭൗതികസാന്നിധ്യം മാത്രമാണ് ഇല്ലാതിരുന്നത്. മേളയുടെ നടത്തിപ്പിൽ എന്റെ സജീവമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ലണ്ടനിൽ മുമ്പേ നിശ്ചയിച്ച സിനിമയുടെ ഷൂട്ടിങ്ങിൽ ഭാഗമാകേണ്ടിയിരുന്നതിനാലാണ് മേളയിൽ നേരിട്ടു പങ്കെടുക്കാനാവാഞ്ഞത്. അക്കാദമി ചെയർമാൻ പദവി ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഇക്കാര്യം ബന്ധപ്പെട്ടവരെ ഞാൻ അറിയിച്ചിരുന്നതാണ്. അത് പോലെ പി.ടി.കുഞ്ഞുമുഹമ്മദിനെതിരേ ഉയർന്ന ആരോപണത്തിൽ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ല. കൃത്യസമയത്തുതന്നെ നടപടി സ്വീകരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ അതിജീവിതയ്ക്കൊപ്പമാണ് അക്കാദമി എന്നും നിലകൊണ്ടിട്ടുള്ളത്.” റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.

സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. 30ാം മേളയിലേക്ക് കേന്ദ്രത്തിൽ നിന്ന് സെൻസർ ഇളവ് തേടിയ 187 ചിത്രങ്ങളിൽ 150 എണ്ണത്തിന് ആദ്യ ഘട്ടത്തിൽ തന്നെ അനുമതി ലഭിച്ചിരുന്നു. മേള പുരോഗമിക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നൽകുകയാണ് പതിവ്. ഇക്കുറി മേള നാലു ദിവസം പിന്നിട്ട ശേഷം 19 സിനിമകൾക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.

ക്ലാഷ്, ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഫ്ലെയിംസ്, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, എ പോയെറ്റ്; അൺകൺസീൽഡ് പൊയട്രി എന്നീ ചിത്രങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ‘ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്’ ഇന്നലെ പ്രദർശിപ്പിച്ചിരുന്നു. 100ാം വാർഷികം ആഘോഷിക്കുന്ന സെർജി ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വിലക്കിയത് വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എ പൊയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊട്ടെംകിൻ, ബീഫ്, ക്ലാഷ്, ഈഗ്‌‌ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് കേന്ദ്ര സർക്കാർ പ്രദർശന അനുമതി നിഷേധിച്ചത്. ഇതിൽ 12 സിനിമകൾക്കാണ് ഘട്ടംഘട്ടമായി അനുമതി നൽകിയത്. സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ നൽകാൻ വൈകിയത് കൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാദം.