സെൻസർബോർഡിന്റെ നിലപാടിന് ലോജിക്കില്ല, സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദം; ആഷിക് അബു

','

' ); } ?>

സുരേഷ് ഗോപി ചിത്രം ജിഎസ്കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആഷിക് അബു. സെൻസർ ബോർഡിനോട് വലിയ രീതിയിലുള്ള പ്രതിഷേധം തനിക്കുണ്ടെന്നും, യാതൊരു ലോജിക്കുമില്ലാത്തതാണ് ചിത്രത്തോടുള്ള സെൻസർ ബോർഡിന്റെ സമീപനമെന്നും ആഷിക് അബു പറഞ്ഞു.

“സെൻസർബോഡിന്റെ ചിത്രത്തോടുള്ള നിലപട് യാതൊരു ലോജിക്കുമില്ലാത്തതാണ്. അവരുടെ സമീപനത്തോട് എനിക്ക് പ്രതിഷധമുണ്ട്. ചിലപ്പോൾ സിനിമയിൽ ഇത്തരം വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായിരിക്കും. സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദമാണ്. ഇത്തരം വിവാദങ്ങൾ ഭാവിയിൽ എന്താകുമെന്ന് കണ്ടറിയണം. ആഷിക് അബു പ്രതികരിച്ചു.

അതേസമയം ചിത്രത്തിന്റെ പുതുക്കിയ പതിപ്പിന്റെ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായിട്ടുണ്ട്. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയക്കുകയും ചെയ്തു. സെൻസർ സർട്ടിഫിക്കറ്റ് ഇനി നൽകേണ്ടത് സിബിഎഫ്സി ചെയർമാനാണ്.

പുതിയ പതിപ്പ് ലഭിച്ച് മൂന്നുദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയോടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ചിത്രം കണ്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനായിരുന്നു ഇങ്ങനെയൊരു അസാധാരണമായ നീക്കം കോടതി കൈകൊണ്ടത്. സിനിമ കണ്ട ഇന്നലെ കേസ് വീണ്ടും കോടതി പരിഗണിച്ചതിനു പിന്നാലെ ചിത്രത്തിന്റെ യഥാർത്ഥ പേര് മാറ്റാനുള്ള സെൻസർ ബോർഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അംഗീകരിച്ചിരിചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപ്രകാരമുള്ള റീ എഡിറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് രംഗത്തെത്തി. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എൻ നഗരേഷും എത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും സെൻസർ ബോർഡ് പേരിലെ മാറ്റം ആവശ്യപ്പെടുകയായിരുന്നു.