“കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം”; പുതിയ സിനിമാ നയരൂപരേഖയിലെ നിർദേശങ്ങൾ പുറത്ത്

','

' ); } ?>

കേരളത്തിൽ സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച സിനിമാ കോൺക്ലേവിന്റെ ആദ്യഘട്ടത്തിൽ ചലച്ചിത്രനയത്തിനുള്ള കരട് രൂപരേഖ അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ വിശാലമായ രീതിയിൽ ചലച്ചിത്രനയ രൂപീകരണം നടക്കുന്നത് എന്നതായിരുന്നു പരിപാടിയിൽ സംബന്ധിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ. ഏറ്റവും ദൃഢമായ സിനിമാ നയം രൂപീകരിക്കാൻ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

സിനിമ സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണം. ലൈംഗിക അതിക്രമം, വിവേചനം, അധികാര ദുര്‍വിനിയോഗം എന്നിവ നിരോധിക്കണം. കാസ്റ്റിംഗ് കൗച്ചിനെതിരെ സീറോ ടോളറൻസ് നയം അനുസരിക്കണം. ഇത്തരം പ്രവൃത്തികളിൽ പങ്കെടുക്കുന്നവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണം. ഓഡിഷനുകൾക്ക് കേന്ദ്രീകൃത പ്രോട്ടോക്കോൾ നടപ്പാക്കണം. സിനിമാസെറ്റുകളിൽ ശുചിമുറി, വിശ്രമമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ചലച്ചിത്രമേഖലയിലെ സഹവർത്തിത്വത്തിനായി ഏകീകൃത പെരുമാറ്റചട്ടം വേണം.
POSH (Prevention of Sexual Harassment) നിയമം കർശനമായി നടപ്പാക്കണം. സൈബർ പോലീസിന്റെ കീഴിൽ ആൻ്റി പൈറസി പ്രത്യേക സെൽ രൂപീകരിക്കണം. അതിക്രമങ്ങൾ തുറന്ന് പറയുന്നവർക്കെതിരെ സാമൂഹിക പിന്തുണ ഉറപ്പാക്കണം. ഓൺലൈൻ വഴി ചലച്ചിത്രപ്രവർത്തകരെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങൾ തടയണം. പുതിയ ആളുകൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിനായി മെന്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കണം. തുടങ്ങിയവയാണ് നയരൂപരേഖയിലെ പ്രധാന നിർദേശങ്ങൾ.

സിനിമാ മേഖലയുടെ ആകെ കാഴ്ചപ്പാടിനും പ്രവർത്തന രീതികൾക്കുമായി സമഗ്ര നയരൂപീകരണം ലക്ഷ്യമിട്ടാണ് കോൺക്ലേവിന്റെ ആഹ്വാനം. വനിതാ ചലച്ചിത്രപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മെമ്മോറാണ്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയരൂപീകരണത്തിനു തുടക്കമായതെന്ന് മന്ത്രി വ്യക്തമാക്കി. മേഖലയിലെ ഒൻപതോളം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കോൺക്ലേവ്, മലയാള സിനിമയുടെ ഭാവിയെ ദിശാനിർദ്ദേശിക്കുന്ന നിർണായക ചുവടുവയ്പായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ, നടി സുഹാസിനി, സംവിധായകൻ മണിരത്നം തുടങ്ങിയവർ പങ്കെടുത്തു.