
ദൈവവിശ്വാസിയല്ലെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ രാജമൗലിയുടെ പുതിയ ചിത്രം വാരണാസി’ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ക്യാമ്പെയിൻ ശക്തം. രാജമൗലിയുടെ സിനിമ ബഹിഷ്കരിക്കണമെന്നാണ് ക്യാമ്പെയിൻ ആഹ്വാനം ചെയ്യുന്നത്. ടൈറ്റിൽ ലോഞ്ചിൽ തമാശരൂപേണ ഹനുമാനെ പരാമർശിച്ചതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. പിന്നാലെ സിനിമയുടെ ടൈറ്റിൽ ലോഞ്ചിലെ രാജമൗലിയുടെ ചില പരാമർശങ്ങളും അദ്ദേഹത്തിന്റെ തന്നെ പഴയ ട്വീറ്റുകളും ചൂണ്ടിക്കാട്ടി ആളുകൾ രംഗത്ത് വരികയായിരുന്നു. അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്ക് ആക്കുകയാണെന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ദൈവത്തെ ഉപയോഗിച്ച് അദ്ദേഹം പൈസ ഉണ്ടാക്കുകയാണെന്നും ഹനുമാൻ സ്വാമി മറുപടി നൽകുമെന്നുമുള്ള പോസ്റ്റുകളും സജീവമാണ്.
ഇതിനിടെ, രാജമൗലിയുടെ 2011-ലെ ഒരു ട്വീറ്റും ചർച്ചയായി. “ഞാൻ രാമനെ ഒരിക്കലും ഇഷ്‌ടപ്പെട്ടിട്ടില്ല. അവതാരങ്ങളിൽ എനിക്കേറ്റവും
പ്രിയപ്പെട്ടത് ശ്രീകൃഷ്‌ണനെയാണ്” എന്ന ട്വീറ്റാണ് ഇപ്പോൾ ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. രാമനവമി ആശംസകൾ നേർന്ന ഒരു ആരാധകന്
രാജമൗലി നൽകിയ മറുപടിയായിരുന്നു ഇത്. കൂടാതെ കഴിഞ്ഞ ദിവസം നടന്ന “വാരാണസി”യുടെ ടൈറ്റിൽ ലോഞ്ചിൽ വിശ്വാസത്തെ കുറിച്ച് പരാമർശിച്ചതും ആളുകൾ എടുത്തു കാണിക്കുന്നുണ്ട്. ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെ ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു. പരിപാടിക്ക് മുൻപ്, ഹനുമാൻ സ്വാമി പിന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞതായി രാജമൗലി പറഞ്ഞു. ‘ഇങ്ങനെയാണോ അദ്ദേഹം പരിപാലിക്കുന്നത്’ എന്നായിരുന്നു രാജമൗലിയുടെ ചോദ്യം. തൻ്റെ ഭാര്യയ്ക്കും ഹനുമാൻ സ്വാമിയെ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്കിപ്പോൾ ദേഷ്യമാണ് വരുന്നതെന്നും സരസമായി രാജമൗലി പറഞ്ഞിരുന്നു.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിലാണ് ‘വാരണാസി’യുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പൻ സ്‌റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിൻ്റെ കാര്യത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്‌ഡി ഭരദ്വാജ് പറഞ്ഞിരുന്നു. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാരണാസി’. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമെത്തുന്നു.