
ഏറ്റവും പുതിയ മലയാള ചിത്രം ‘പടക്കള’ത്തിന്റെ ബോക്സ് ഓഫീസ് റിപ്പോർറട്ടുകൾ പുറത്ത്. പുറത്തിറങ്ങി 25 ദിവസങ്ങൾ കഴിയുമ്പോൾ ചിത്രം 11.6 കോടി നേടിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്ന് നേരത്തെ നിർമാതാവായ വിജയ് ബാബു പറഞ്ഞിരുന്നു. മെയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തുന്ന സിനിമ ഫാന്റസി കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം. നിതിന്‍ സി ബാബുവും മനു സ്വരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം രാജേഷ് മുരുകേശന്‍ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിന്‍രാജ് ആരോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, കലാസംവിധാനം മഹേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ മൈക്കിള്‍.