ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുങ് ഭൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ഫിലിം മേക്കര്‍ ആനന്ദ് കുമാറാണ് ബൈച്ചുങ് ഭൂട്ടിയയുടെ സിനിമയുമായി എത്തുന്നത്. ബൈച്ചുങ് ബൂട്ടിയ ആയി അഭിനയിക്കുന്ന താരത്തേയും, സംവിധായകനേയും കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ് ആനന്ദ് കുമാര്‍. സൈനാ നെഹ് വാള്‍, അഭിനവ് ബിന്ദ്ര, പുല്ലേല ഗോപിചന്ദ്, മിതാലി രാജ് എന്നിവരുടെ ജീവിതവും സിനിമയാകുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബൂട്ടിയയുടെ സിനിമയുടെ പ്രഖ്യാപനവും വരുന്നത്.
റഷ്യന്‍ ലോക കപ്പിന്റെ സമയത്താണ് ഇങ്ങനെയൊരു സിനിമയെ കുറിച്ച് ചിന്തിക്കുന്നതെന്ന് ആനന്ദ് കുമാര്‍ പറഞ്ഞു. ‘ യുവത്വത്തിന്റേ ആവേശം ഫുട്‌ബോളിലേക്ക് വരികയാണ്. ചെറിയ കുട്ടികള്‍ക്ക് പോലും ക്രിക്കറ്റിനേക്കാള്‍ താല്‍പ്പര്യം ഇപ്പോള്‍ ഫുട്‌ബോളിനോടാണ്. അതിനാലാണ് ഫുട്‌ബോളിനെ മുന്‍നിര്‍ത്തി സിനിമ എടുക്കുന്നത്. അങ്ങിനെ വരുമ്പോള്‍ ബൂട്ടിയയില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നാണ് തുടങ്ങേണ്ടത് ‘എന്ന് ആനന്ദ് കുമാര്‍ പറയുന്നു. ഡല്‍ഹി ഹൈറ്റ്‌സ്(2007), ഗാസിയാബാദ്(2013) എന്നി ചിത്രങ്ങള്‍ ആനന്ദ് കുമാറിന്റേതാണ്.