അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും യുവനടനുമായ ബിബിന്‍ ജോര്‍ജ്ജ് അച്ഛനായ വിവരമാണ് സിനിമ പ്രേമികളും ആരാധകരും ആഘോഷിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബിബിന്‍ തന്നെയാണ് ഈ വിശേഷം പങ്കുവെച്ചത്. വളരെ രസകരമായ അടിക്കുറിപ്പോടെയാണ് താന്‍ അച്ഛനായ വിവരം ബിബിന്‍ ആരാധകരോട് പങ്കുവെച്ചത്. ”പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര ‘പിതാവ്’ ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.. നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു…” ബിബിന്‍ തന്റെ പേജില്‍ കുറിച്ചു.
കഴിഞ്ഞ മെയ് 20നാണ് വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ ഫിലോമിന ഗ്രീഷ്മയുമായുള്ള ബിബിന്റെ വിവാഹം നടന്നത്. ബിബിന്റെ കൗതുകം നിറഞ്ഞവിവാഹക്ഷണക്കത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ നായകനാകുന്നത്. ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയില്‍ പ്രതിനായകനായെത്തിയതും ബിബിന്‍ ആയിരുന്നു.