
അനോമിയിലെ ‘സാറ‘എന്ന കഥാപത്രം തന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകുമെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. സാറയോടൊപ്പമുള്ള തന്റെ യാത്ര വളരെ ആനന്ദമുള്ളതായിരുന്നുവെന്നും. സാറയുടെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ഭാവന കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം.
‘എന്റെ പ്രിയപ്പെട്ട സാറ…. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ്! പ്രതിരോധശേഷിയുള്ളവളാണ്! ശാന്തയാണ്!! നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളതായിരുന്നു!! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും!! നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!!! നന്ദി!! എല്ലാത്തിനും നന്ദി.’ ഭാവന കുറിച്ചു.
ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് അനോമി. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തിയത്. തിയേറ്ററിൽ മികച്ച വിജയമായിരുന്നു ചിത്രം നേടിയിരുന്നത്. മരണത്തിന്റെ സമവാക്യം’ (The Equation of Death) എന്ന ടാഗ് ലൈനോട് കൂടെ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ മേക്കിങ്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.
പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്‌മാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.